Monday, September 28, 2009

വിവാഹസദ്യ.


രാഘവന്‍ നായര്‍ കല്യാണ മണ്ഡപത്തില്‍ എത്തിയപ്പോഴേക്കും ചെറുക്കാനും കൂട്ടരും വന്നു കഴിഞ്ഞിരുന്നു. അയാള്‍ ആളുകള്‍ക്കിടയിലൂടെ മെല്ലെ അകത്തേക്ക് കടന്നു. മാധവേട്ടന്റെ മകളുടെ കല്യാണമാണ്... കുടുംബസമേതം കൂടേണ്ട കല്യാണം. മാധവേട്ടന്‍ കണ്ട ഉടനെതന്നെ ഹൃദ്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു.

"ഭാമയും കുട്ടികളും എന്ത്യേ നായരേ?" മാധവേട്ടന്‍ എന്റെ പിന്നിലേക്കു കണ്ണ്എറിഞ്ഞു.
"ഭാമക്ക് നല്ല സുഖമില്ല മാധവേട്ടാ..." അതും പറഞ്ഞു അയാള്‍ മെല്ലെ മാറി.

ഇറങ്ങാന്‍ നേരം കൂടി അവരെ വിളിച്ചതാണ്. ഭാമ വരുന്നില്ല എന്ന് തീര്ത്തു പറഞ്ഞു. അത് കാത്തു നിന്നു എന്നപോലെ മകള്‍ വിദ്യയും പിന്‍വാങ്ങി. എന്തേ എന്ന് പോലും ചോദിയ്ക്കാന്‍ തോന്നിയില്ല. ഇറങ്ങാന്‍ നേരം യാത്ര ചോദിച്ചപ്പോള്‍ "ശരി ഇനി വൈകേണ്ട" എന്ന അവളുടെ മറുപടിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. അല്ലെങ്കില്‍ അയാള്‍ക്ക് അങ്ങനെ തോന്നി..

പുര നിറഞ്ഞു നില്ക്കുന്ന ഒരു മകള്‍ ഉള്ളപ്പോള്‍ അവള്ക്ക് താഴെ പ്രായമുള്ള കുട്ടിയുടെ കല്യാണത്തിന് പോകാന്‍ ഒരമ്മയും ഇഷ്ടപ്പെടില്ല. പ്രത്യേകിച്ചും സ്വന്തം മോളുടെ പ്രായം ഏറി വരുമ്പോള്‍...
തനിക്കും ഇഷ്ടമുണ്ടായിട്ടല്ലല്ലോ?... ജീവിതത്തിലെ ഓരോ ഭാഗങ്ങളും ആടിതീര്‍ത്തല്ലേ മതിയാവൂ.....
വന്നു വന്നു ഭാമക്ക് എല്ലാത്തിനോടും വെറുപ്പാണ്... തന്നോടു പോലും...

ആദ്യമൊക്കെ അവള്‍ എന്നുമെന്നപോലെ ഓരോ ആലോചനകളും പൊക്കി വരുമായിരുന്നു. പിന്നെ പ്പിന്നെ അവള്‍ക്കും മടുപ്പായിത്തുടങ്ങിയിട്ടുണ്ടാവാം. എങ്കിലും ഒരമ്മക്കും അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ. ഇപ്പോഴും ആരെങ്കിലും ഏതെങ്കിലും പയ്യന്റെ കാര്യം പറഞ്ഞാല്‍ പിന്നെ അവള്‍ക്കു ഇരിപ്പുറക്കില്ല.
പക്ഷെ ഇതുവരെയും നിരാശ തന്നെയായിരുന്നു ഫലം.

പ്രായമേറുംതോറും ഡിമാന്റുകള്‍ ഏറി വരുന്നു. ഞങ്ങളുടെ മനസ്സുകളിലെ ആധിയും....
മകളുടെ കാര്യമാണ് അതിലും കഷ്ടം.. കൂടെ പഠിച്ചവരുടെ ഓരോരുത്തരുടെയായി വിവാഹം കഴിഞ്ഞു . തന്നേക്കാള്‍ പ്രായം ഇളപ്പമുള്ളവരുടെയും കല്യാണങ്ങള്‍ കണ്മുന്‍പില്‍ നടക്കുന്നു. എന്തായിരിക്കും അവളുടെ മനസ്സില്‍........

അയാള്‍ അവളുടെ ചെറുപ്പകാലം ഓര്‍ത്തു. തന്റെ ആദ്യത്തെ കുട്ടി. തന്റെ ചോര... എന്തൊരു സന്തോഷമായിരുന്നു അവള്‍ പിറന്നപ്പോള്‍.അതിലേറെ അഭിമാനമായിരുന്നു.. ആദ്യമായി പിച്ചനടന്നപ്പോള്‍.... ആദ്യമായി അവള്‍ അച്ഛാ എന്ന് വിളിച്ചപ്പോള്‍.... ലോകം കീഴടക്കിയ സന്തോഷമായിരുന്നു.... അവള്‍ കൈ പിടിച്ചുനടക്കുമ്പോള്‍ ജീവന്‍ എടുത്തു കയ്യില്‍ പിടിച്ചു നടക്കുന്ന പ്രതീതിയായിരുന്നു.. ആദ്യമായി അവള്‍ സ്കൂളില്‍ പോയദിവസം തനിക്കായിരുന്നു അവളെക്കാള്‍ വിഷമം എന്ന് ഭാമ കളിയാക്കിയത്...

അവള്‍ ഋതുമതിയായത് മുതല്‍ ഭൂതം കാക്കുന്ന പൊന്നുപോലെയാണ് താന്‍ നോക്കിയിരുന്നത്. അവളുടെ കവിളുകള്‍ക്ക് തുടിപ്പുകൂടുന്നതും, കണ്ണുകള്‍ക്ക്‌ തിളക്കമേറുന്നതും കണ്ടു സന്തോഷിക്കുമ്പോഴും പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍. "ദൈവമേ എന്റെ കുട്ടിയെ കാത്തുകൊള്ളണേ... വഴി തെറ്റാതെ കാക്കണേ.."

കല്യാണ പ്രായമായപ്പോള്‍ ഏറ്റവും മുന്തിയ ആളെക്കൊണ്ടുതന്നെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു മനസ്സില്‍. ആദ്യം വന്ന ഒന്നുരണ്ടാലോചനകള്‍ അതുകൊണ്ട് തന്നെ വേണ്ട എന്ന് വച്ചു.. ആലോചനകളുടെ കാര്യം സംസാരിക്കുമ്പോള്‍ വിദ്യമോളുടെ മുഖം ചുമക്കുന്നതും കണ്ണുകളില്‍ തിളക്കമേറുന്നതും കാണുന്നത് ഞങ്ങള്‍ക്കൊരു രസമായിരുന്നു.

പിന്നീട് വന്ന ആലോചനകളില്‍ പലതും തന്റെ മകള്‍ ഒരു വില്‍പ്പനചരക്കല്ല എന്ന് പറഞ്ഞു തിരിച്ചയച്ചു. ആദര്‍ശ ധീരത കൊണ്ടൊന്നുമല്ല. കേരളത്തിലെ ഒരു ഇടത്തരക്കാരന്റെ നിസ്സഹായതയാണ് അതിന് കാരണം. സ്വന്തം വീടും പറമ്പും കൂടി വിറ്റാലും തികയാത്ത ഒരു അവസ്ഥയില്‍ മറ്റെന്തു ചെയ്യാനാണ്. തെണ്ടാന്‍ ആണെങ്കില്‍ കുടുംബത്തില്‍ പിറന്നവന്‍ എന്ന ലേബല്‍ തടസ്സമായി നില്ക്കുന്നു.

ഉള്ളിന്റെഉള്ളിലെങ്കിലും തന്റെ ജീവനായ മകള്‍ ഒരു ബാധ്യതയായി തോന്നിത്തുടങ്ങിയോ?
വിദ്യമോളിലും മാറ്റങ്ങള്‍ പ്രകടമായിരുന്നു. ആദ്യം കണ്ണുകളിലെ പ്രകാശം മങ്ങിത്തുടങ്ങി, പിന്നെ പതുക്കെപ്പതുക്കെ ഓരോരോ മാറ്റങ്ങള്‍. കവിലുകളിലെ തുടിപ്പ് വറ്റി, വളരെപ്പെട്ടെന്ന്തന്നെ അവള്‍ ഒരു പ്രായം ചെന്ന പെണ്ണായി മാറി. എല്ലായ്പോഴും സംസാരിച്ച്കൊണ്ടിരുന്നഅവള്‍ അത്യാവശ്യത്തിനു മാത്രം സംസാരിച്ചു, കിലുക്കം പെട്ടി പോലെ ചിരിക്കുന്ന അവള്‍ ചിരിക്കാന്‍ മറന്നുപോയത് പോലെ തോന്നി... മകളിലെ മാറ്റങ്ങള്‍ എന്നേക്കാള്‍ മനസ്സിലായിരുന്നത്‌ ഭാമക്കാണ്. അതോടെ വീട്ടില്‍ അശാന്തിയുടെ ദിനങ്ങള്‍ മാത്രമായി. താന്‍ വീട്ടിലും കൊള്ളാത്തവനായി...

വിദ്യമോള്‍ സ്കൂള്‍ വിട്ടു വരാന്‍ അല്‍പ്പം താമസിച്ചാല്‍ വഴികണ്ണ്ഉംആയി കാത്തുനിന്നിരുന്ന തനിക്ക് അവള്‍ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയാല്‍ പോലും തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്‌.

രാഘവനെന്താ ഇവിടെ നിന്നു കളഞ്ഞത്?"" അച്യുതന്‍ നായരുടെ ചോദ്യമാണ് അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്.
"വെറുതെ നിന്നൂന്നെ ഉള്ളൂ അച്യുതാ..." അയാള്‍ മറുപടി പറഞ്ഞു.

അയാള്‍ക്ക് അച്ചുതനോട് എന്തെങ്കിലും കുശലം ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വാക്കുകളായി ഒന്നും പുറത്തു വന്നില്ല. കുറച്ചുനേരം ഇരുവരും മിണ്ടാതെ നിന്നു. പിന്നെ മൌനംഭജിക്കനെന്നോണം അച്യുതന്‍ ചോദിച്ചു.
"വിദ്യയുടെ കല്യാണം നമുക്കു നടത്തേണ്ടേ രാഘവാ?" അയാള്‍ ഏറ്റവും അധികം വെറുക്കുന്ന എന്നാല്‍ എല്ലാവരാലും ചോതിക്കപ്പെടുന്ന ചോദ്യം!!!!
"നടത്തണം" അയാള്‍ താല്‍പ്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.
അയാളുടെ താല്‍പ്പര്യമില്ലായ്മ മനസ്സിലായിട്ടോ എന്തോ...
"ജോലിക്ക് ശ്രമിക്കുന്നുണ്ടാവും അല്ലെ? അതുകൊണ്ടാവും?" അച്യുതന്‍ നായര്‍ ഒന്നു ലഘൂകരിക്കാന്‍ ശ്രമിച്ചു.
"അതെ... ഇത്രയും പഠിപ്പിച്ചതല്ലേ.... നമുക്കും എന്തെങ്കിലും കിട്ടണ്ടേ..." അയാള്‍ ഇത്തിരി കടുപ്പത്തില്‍ മൊഴിഞ്ഞു.
വിചാരിക്കട്ടെ.. എല്ലാരും വിചാരിക്കട്ടെ... എന്റെ സ്വാര്‍ത്ഥത കൊണ്ടാണെന്ന് വിചാരിക്കട്ടെ... എന്നാലും എന്റെ കുട്ടിയെ ആരും കുറ്റം പറയരുത്...... അയാള്‍ക്ക്‌ സങ്കടവും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു...

സ്വന്തം മക്കളുടെ കല്യാണം നടത്താന്‍ ഗതിയില്ലാത്ത മാതാപിതാക്കളെ മറ്റു കല്യാണങ്ങള്‍ക്ക് ക്ഷണിച്ചു സദ്യ കൊടുക്കുന്നതിലും ഭേദം അവര്‍ക്ക് അല്പം വിഷം വാങ്ങി കൊടുക്കുന്നതാണെന്ന് അയാള്‍ക്ക്‌ വിളിച്ചുപറയണമെന്നുണ്ടായിരുന്നു.

അയാളുടെ മാനറിസങ്ങള്‍ അച്യുതന്‍ നായര്‍ക്കു നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു. അയാളും ഒരു അച്ഛനാണല്ലോ.
"രാഘവാ വരൂ ഭക്ഷണം കഴിക്കാം...." അച്യുതന്‍ നായര്‍ വിഷയം മാറ്റി.
"ഞാന്‍ കഴിച്ചു അച്യുതാ....." അയാള്‍ കണ്ണ് നിറയാതെ ശ്രദ്ധിച്ചു. ഇനിയും അയാള്‍ക്ക്‌ അവിടെ നില്‍ക്കാന്‍ ആവുമായിരുന്നില്ലാ. യാത്ര പോലും പറയാതെ കാലുകള്‍ വലിച്ചുവച്ചു അയാള്‍ നടന്നു.

അയാള്‍ ഒന്നും കഴിച്ചിട്ടില്ലെന്നു അച്യുതന്‍ നായര്‍ക്ക് അറിയാമായിരുന്നു. അയാള്‍ക്ക്‌ ഒരു വറ്റ് പോലും തൊണ്ടയില്‍ നിന്നും ഇറങ്ങില്ല എന്നും. സ്വന്തം മകള്‍ പുരനിറഞ്ഞു നില്‍ക്കുമ്പോള്‍ അയാള്‍ക്കെന്നല്ല ആര്‍ക്കും മറ്റൊരു വിവാഹസദ്യ ആസ്വദിക്കാനാവില്ല......

അയാള്‍ കണ്ണില്‍ നിന്നു മറയുവോളം അച്യുതന്‍ നായര്‍ നോക്കി നിന്നു... കണ്ണില്‍ നിന്നും മറയുന്നതുവരെ മാത്രം.!!!

3 comments:

  1. ഹൃദ്യമായ കഥ,
    ആദ്യമായാണ് ഈ വഴിയില്‍,ഇനിയും വരാം.ഞാനും ഖത്തറിലാണ്
    എന്നെ ഒന്ന് വിളിക്കാമോ ഇതാണ് എന്റെ നമ്പര്‍ 5198704

    ReplyDelete
  2. പ്രിയ സഗീര്‍,
    ഞാന്‍ ഗുല്‍സാര്‍ ആണ്. ഓര്‍മയുണ്ടെന്നു കരുതുന്നു.. അഭിപ്രായത്തിന് നന്ദി...

    ReplyDelete