
ഖത്തര്‍ എയര്‍വേയ്സിന്റെ എകനോമി ക്ലാസ്സില്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു മനസ്സു നിറയെ.
എയര്‍ഹോസ്ടസ് സപ്ലൈ ചെയ്ത ഫുഡ് കഴിക്കാന്‍ ഒട്ടും തോന്നിയില്ല. അടുത്ത സീറ്റിലെ താടിവച്ച മനുഷ്യന് ഭക്ഷണം കഴിച്ചു ഉറക്കം തുടങ്ങി...
ഞാനും കണ്ണടച്ചുകിടന്നു. അല്പ്പനെരമെങ്കിലും ഒന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍!! ഇല്ല... കഴിയില്ല.. ഇനി സന്ദീപിനെ കാണാതെ മറ്റൊന്നിനും കഴിയില്ല.. അവനെ കാണാനായിമാത്രമാണ് ഈ യാത്ര.. വര്‍ഷങ്ങള്‍ക്കുശേഷം!
സന്ദീപിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒന്നിന് പിറകെ ഒന്നായി മനസ്സിന്റെ തിരശീലനീക്കി കടന്നു വന്നു..
ജോലിതേടിയാണ് ആദ്യമായി അവന് എന്റെ മുന്നിലെത്തുന്നത്. ഞാന്‍ അന്ന് തിരൂരില്‍ ഒരു പ്രൈവറ്റ് സ്കൂളില്‍ മാനേജര്‍ ആയി ജോലി നോക്കുന്ന സമയം. കറുത്ത്, ഉയരം കുറഞ്ഞ അല്‍പ്പം തടിച്ച ഒരു ചെറുപ്പക്കാരന്. ബി.എസ്.സി പാസ്സായിട്ടുണ്ട്. ട്രസ്റ്റ് മെമ്പറുടെ ഒരു അകന്ന ബന്തുവായതുകൊണ്ട് ജോലി കൊടുക്കേണ്ടി വന്നു. ഡോക്യുമെന്റ് അസ്സിസ്സ്ടന്റ്റ്...
അന്ന് മുതല്‍ ഒരു നിഴല്‍ പോലെ അവന് എന്റെകൂടെ ഉണ്ടായിരുന്നു. ഒരു തരം പ്രത്യേക സ്നേഹം. എന്ത് പറഞ്ഞാലും കേള്‍ക്കും, എത്ര ചീത്ത വേണമെങ്കിലും വിളിക്കാം. പരാതികള്‍ തീരെ ഇല്ല.
ഇടയ്ക്ക് ഞാന്‍ പറയും..
"സന്ദീപേ.. നിന്നെ ഞാന്‍ വെറും ഒരു സ്ടാഫായിട്ടല്ല ഒരു അനിയനായിട്ടാ കാണുന്നത്... അതുകൊണ്ടാ ഞാന്‍ നിന്നെ കൂടുതല്‍ ശാസിക്കുന്നത്."
"എനിക്കറിയാം സാര്‍.... സാറെന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ.. എനിക്കൊരു വിഷമവും ഇല്ലാ.." ഈ മറുപടി പറയുമ്പോള്‍ അവന്റെ മുഖത്തെ സന്തോഷവും ആത്മാര്‍ഥതയും ഒന്നു കാണേണ്ടത് തന്നെയാണ്.
സഹോദരങ്ങള്‍ ഇല്ലാത്ത അവനെ ഞാന്‍ ഈ നിലയില്‍ എല്ലായ്പ്പോഴും മുതലെടുത്തിരുന്നു. പകരം അവന് കാപട്യമില്ലാത്ത സ്നേഹം തന്നു..
ഫ്ലൈറ്റിന്റെ കുലുക്കം എന്നെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. എയര്പോക്കെട്ടുകളില് വീഴുന്നതാണ്.
ഓ..... ബെല്ടിടാനുള്ള ഇന്ടികേട്ടര്‍ തെളിഞ്ഞു. കൂടെ അനോന്‍സ്മെന്റും. മോശം കാലാവസ്ഥ ആയതുകൊണ്ട് സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും ബെല്‍റ്റ് ഇടണമെന്ന്. എന്ത് സുരക്ഷക്കാണെങ്കിലും ഈ കുന്ത്രാണ്ടം ഇടുന്നത് ഒരു അസ്വസ്തത തന്നെയാണ്.
ഇനിയും ഏകദേശം ഒന്നര മണിക്കൂര്‍ ഉണ്ടാവും കോഴിക്കൊടെത്താന്... ഞാന്‍ ഒന്നുകൂടി ഉറങ്ങാന്‍ ഒരു വ്യഥാ ശ്രമം നടത്തി. പക്ഷെ സന്ദീപിനെക്കുരിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും ഉറക്കത്തെ പിന്നോട്ട് തള്ളി....
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് അവന് അവസാനമായി എന്നെ വിളിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ ആറാം തീയതി രാത്രി ഏഴ് മണിക്ക്.. സാധാരണ ഇന്റര്‍നെറ്റ് വഴി വിളിക്കാറാണ് പതിവു. പക്ഷെ അന്ന് അവന്റെ മൊബൈലില്‍ നിന്നു തന്നെയാണ് വിളിച്ചത്. അവന്റെ അബുദാബി എത്തിസലാത്ത് നമ്പരില്‍ നിന്നും.
നാലുവര്‍ഷം മുമ്പു സ്കൂള്‍ വിട്ടു ഞാന്‍ ഒരു പ്രവാസിയായി ദോഹയില്‍ എത്തിയതിനു ശേഷം മിക്കവാറും അവന് ഇങ്ങോട്ട് വിളിക്കാറുതന്നെയാണ് പതിവു. വളരെ അപൂര്‍വ്വമായേ ഞാന്‍ അവനെ വിളിച്ചിട്ടുള്ളൂ.
അതില്‍ ഒന്നു അവന്റെ വിവാഹവേളയില്‍, മറ്റൊന്ന് അവന് ഗള്‍ഫിലേക്ക് വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഉപദേശിക്കാന്‍.
ഉപദേശിക്കാന്‍ മാത്രം മിടുക്കനായ ഞാന്‍ അന്ന് പറഞ്ഞു...
"ഗള്‍ഫ് ജീവിതം ഒരു മെഴുകുതിരി പോലെയാണ്. സ്വയം കത്തി മറ്റുള്ളവര്‍ക്ക് പ്രകാശമാകാനാണ് അതിന്റെ വിധി. സ്വയം ഉരുകുമ്പോള്‍ നമ്മളറിയില്ല ജീവിതത്തിന്റെ തിരി കത്തിതീരുന്നത്".
അധികം താമസിയാതെ കാണാപ്പോന്നുതേടി അവന് അബുദബിയില്‍ ഫ്ലൈറ്റ് ഇറങ്ങി... യഥാര്‍ത്ഥ ജീവിതത്തിലേക്ക്.....
അടുത്തിരിക്കുന്ന താടിക്കാരന് കൂര്‍ക്കം വലി തുടങ്ങി. ഉറങ്ങട്ടെ... ഉറങ്ങാന്‍ കഴിയുന്നവര്‍ സമാധാനമായി ഉറങ്ങട്ടെ.....
എനിക്ക് നല്ലതുപോലെ വിശക്കാന് തുടങ്ങി.. ഇന്നു ഉച്ചക്കുശേഷം ഒന്നും കഴിച്ചിട്ടില്ല. ഫ്ലൈറ്റില്‍ ആണെങ്കില്‍ ഫുഡ് സെര്വ്ചെയ്തുകഴിഞ്ഞു. കുറച്ചു വെള്ളമെങ്കിലും കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ഞാന്‍ കയ്യുയര്‍ത്തി ബെല്ലടിച്ചുനോക്കി. കുറെ നേരം കാത്തിരുന്നത് മിച്ചം! ആരും വന്നില്ല! ഫൈവ്സ്റ്റാര്‍ സര്‍വീസ് ആണത്രേ.... കുന്തം....
ഇതേപോലെ വിശന്നിരിക്കുമ്പോള്‍ ആണ് അന്ന് സന്ദീപ് വിളിച്ചത്. ആറാം തീയതി. ഭാര്യയും കുഞ്ഞും നാട്ടിലായിരുന്നു.
"ഹലോ സാര്‍... സന്ദീപാണ്..." പതിവുപോലെ അവന് തുടങ്ങി..
കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു.."നിന്റെ മോള് എന്ത് പറയുന്നു?.. പുതിയ ഫോട്ടോ വല്ലതും കിട്ടിയോ അവളുടെ?... "
സന്ദീപിന് കുഞ്ഞു ജനിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടുണ്ടാവണം.... പാവം ഇതുവരെ ലീവ് ആയിട്ടില്ലാ.
"ഇല്ല സാര്‍.." ഒരു നിമിഷത്തെ മൌനത്തിനുശേഷം അവന് തുടര്‍ന്നു..."ഞാന്‍ രാജിവച്ചു നാട്ടില്‍ പോകാന്‍ തീരുമാനിച്ചു സാര്‍..."
"എന്തിന്?? നാട്ടില്‍ പോയി നീ എന്ത് ചെയ്യാന്‍ പോകുന്നു???.." പെട്ടെന്ന് തന്നെ ഞാന്‍ ഉപദേശിയായ ഏട്ടനായി മാറി.
"ഞാന്‍ പോയി എന്തെങ്കിലും ചെറിയ ബിസിനെസ്സ് ചെയ്തു ജീവിക്കും സാര്‍..."
"എന്ത് ബിസിനെസ്സ്??" എനിക്ക് ജിജ്ഞാസ ഏറി...
"എന്തെങ്കിലും..... സാര്‍ ഒരു ഐഡിയ പറഞ്ഞു താ...."
"എത്രയുണ്ട് കയ്യില്‍?" ഞാന്‍ അടുത്ത ഉപദേശത്തിനു തയ്യാറായി.
"ഒരു ലക്ഷം..." മറുപടി കേട്ടത് ഞാന്‍ പൊട്ടിച്ചിരിച്ചു. തെല്ലു പരിഹാസത്തോടെ!!
"ഒരു ലക്ഷം രൂപാ കൊണ്ടു നീ എന്ത് ബിസിനസ്സ് തുടങ്ങാനാ.... നീ കുറച്ചു നാളുകൂടി നിന്നു കുറച്ചു പണവും കൂടി സമ്പാദിക്കു.... എന്നിട്ട് നമുക്കു ആലോചിക്കാം...." ഞാന്‍ വലിയ താത്പര്യം കാട്ടിയില്ല.
"സാറും ഇത് തന്നെയാണോ പറയുന്നതു?! ഗള്‍ഫിലേക്ക് വരാന്‍ നോക്കിയപ്പോള്‍ എല്ലാവരും തടയാന്‍ ശ്രമിച്ചു.... ഇപ്പോള്‍ തിരിച്ചു പോകുന്നു എന്ന് പറയുമ്പോഴും എല്ലാവരും തടയുന്നു...
എന്തായാലും എനിക്ക് എന്റെ മോളെ ഒന്നു കാണണം.. അല്‍പ്പനേരം അവളുടെ കളികള്‍ നോക്കി ഇരിക്കണം..
അവളിപ്പോ അമ്മയുടെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങി എന്നാ പറഞ്ഞേ..." മോളുടെ കാര്യം പറയുമ്പോള്‍ നൂറു നാവാണ് അവന്. എപ്പോഴും..
പക്ഷെ ഞാന്‍ വീണ്ടു ഉപദേശിക്കാനാണ് മുതിര്‍ന്നത്. എന്നത്തേതും പോലെ...
ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടാവണമെന്നും, അത് നേടാന്‍ പലവിധ ത്യാഗങ്ങള്‍ സഹിക്കണമെന്നും ഉദാഹരണസഹിതം ഞാന്‍ സമര്‍ദ്ധിച്ചു. ഈ നൊമ്പരങ്ങളെല്ലാം ഒരു ശരാശരി പ്രവാസിയുടെ നൊമ്പരങ്ങള്‍ മാത്രമാണെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു...
"എനിക്കെന്റെ മോളെ ഒന്നു കാണണം സാര്‍..."
സന്ദീപിന്റെ മറുപടി ഇതു മാത്രമായിരുന്നു....
എനിക്ക് ശരിക്കും ശുന്ടി വന്നു.. "നീ നാളെ ഓഫീസിലെത്തുമ്പോള്‍ ചാറ്റില്‍ വാ... നമുക്കു വിശദമായി സംസാരിക്കാം". ഞാന്‍ അക്ഷമ കാട്ടി.
"എനിക്കെന്റെ മോളെ ഒരിക്കലെങ്കിലും ഒന്നെടുക്കണം സാര്‍...." അവന് ഫോണ്‍ വക്കാന്‍ ഭാവമില്ലായിരുന്നു.
"സന്ദീപേ.. നാളെ ചാറ്റ്റൂമില്‍ വാ.. നമുക്കു സംസാരിക്കാം... ഗുഡ് നൈറ്റ്... ഞാന്‍ പറഞ്ഞവസാനിപ്പിച്ചു. അപ്പുറത്തുനിന്നും അനക്കമൊന്നും കേട്ടില്ല. രണ്ടു നിമിഷം മറുപടിക്ക് കാത്തിട്ടുഞാന് ഫോണ്‍ കട്ട് ചെയ്തു.
പിറ്റേന്ന് അവനെ ചാറ്റില്‍ നോക്കിയെങ്കിലും കണ്ടില്ല. ഞാന്‍ അതത്ര കാര്യമാക്കിയുമില്ല.
വീണ്ടും സീറ്റ്ബെല്‍റ്റിന്റെ ഇന്ടികെഷന് തെളിഞ്ഞു. ഭാഗ്യം.. ഇത്തവണ ലാണ്ടിങ്ങിനു വേണ്ടിയാണ്.
ഹാന്‍ഡ് ലഗേജ് മാത്രമായത് കൊണ്ടു വേഗം ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങി. നേരെ പോയത് സന്ദീപിന്റെ വീടിലെക്കാണ്. വെള്ളിമാട്കുന്നിലെ അവന്റെ കൊച്ചുവീട്ടില്‍ എത്തുമ്പോള്‍ നേരം പരപരാ വെളുത്തിരുന്നു.
വിറയാര്‍ന്ന കാലടികളോടെയാണ് ഞാന്‍ ഉള്ളിലേക്ക് കയറിയത്. കയറിയപാടെ കണ്ടു എന്റെ സന്ദീപിനെ.....
കത്തിച്ചുവച്ച നിലവിളക്കിനു മുന്പില് വെള്ളത്തുണി പുതച്ചു നീണ്ടു നിവര്‍ന്നങ്ങനെ.... മുഖത്തു അതേ നിഷ്കളന്ഗത...
അടുത്തുനിന്ന ആള് മെല്ലെ പറഞ്ഞു. " അറ്റാക്കായിരുന്നു... ആറാം തീയതി എട്ടരക്ക് മരിച്ചതാ.. ഇന്നലെ രാത്രിയാ നാട്ടിലെത്തിക്കാന്‍ പറ്റിയത്...
എട്ടര!!! ഖത്തര്‍-അബുദാബി സമയ വ്യത്യാസം ഒരു മണിക്കൂര്‍!! അതായത് ഞങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന് തൊട്ടു പിന്നാലെ!!!!
എനിക്ക് മേലാകെ തളരുന്നതുപോലെ തോന്നി.. എന്നിലെ എല്ലാ അഹന്തയും ഒരു നിമിഷം കൊണ്ടു പോയ്മറഞ്ഞു.. ഞാന്‍ വെറുമൊരു പച്ച മനുഷ്യനായി.....
ഒരിക്കല്‍പോലും ഏട്ടാ എന്ന് വിളിചിട്ടില്ലാത്ത ഞാന്‍ വിളിപ്പിചിട്ടില്ലാത്ത എന്റെ പ്രിയ സഹോദരാ... മാപ്പ്.. ഒരായിരം മാപ്പ്... എനിക്ക് നിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല... ഒരു തരിമ്പുപോലും.....
ഞാന്‍ ഒന്നു ചുറ്റും കണ്ണോടിച്ചു... എന്തോ തിരയുന്നത് പോലെ.. സന്ദീപിന്റെ ഭാര്യ ഒരു മൂലയില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നുണ്ടായിരുന്നു... ഞാന്‍ വീണ്ടും പരതി...
എവിടെ.. എവിടെ എന്റെ മോള്... എന്റെ സന്ദീപിന്റെ മോള്...
" എനിക്ക് എന്റെ മോളെ ഒന്നെടുക്കണം" ഞാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു..
ഓരോ പ്രവാസിയും അകാല വാര്‍ധക്യം പ്രാപിക്കുന്നു.. ഒരു അക്സിടെന്റ്റ് , ഒരു അറ്റാക്ക് എപ്പോഴും അവന്റെ കൂടെ തന്നെയുണ്ട്... ആരും ആഗ്രഹികുനതല്ല ഈ പ്രവാസം...വലിചിഴക്കപെടുകയാണ്..
ReplyDeleteകഷ്ടമായിപ്പോയി.. വിധിയുടെ വെറും കളിപ്പാവകളാണല്ലോ നാമോരോരുത്തരും.
ReplyDeleteമനോഹരമായ ഒഴുക്കുള്ള രചനാ ശൈലി. തുടരുക.
touching story...
ReplyDeleteജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്ന യാദ്രിശ്ചികതകളാണ് നമ്മുടെ ജീവിതത്തിലെ മറക്കാത്ത അനുഭവങ്ങളോരോന്നും ..
ReplyDeleteനമ്മുടെ പ്രിയ്യപ്പെട്ടവരെ പലപ്പോഴും നമ്മളില്‍ നിന്ന് തട്ടിയെടുക്കുന്നതും ഈ യാദ്രിശ്ചികതകള് തന്നെ
ഒറ്റപ്പെട്ട ചില ഫോണ്‍ കോളുകള്‍.... ചില സന്ദേശങ്ങള്‍.....നമ്മള് പലപ്പോഴും തിരിച്ചറിയുന്നത് വൈകിയായിരിക്കും...വളരെ നന്നായി അനുഭവങ്ങളുടെ തീയില്‍ നിന്നുകൊണ്ടുള്ള ഈ എഴുത്ത്..
വല്ലാത്ത ഒരു നൊമ്പരം ഫീല്‍ ചെയ്യുന്നു...
ReplyDeleteകഥ ,കഥയായിരിക്കട്ടെ , കഥ മാത്രമായിരിക്കട്ടെ ...
ReplyDeleteTHIS IS A TOUCHING STORY.
ReplyDeleteTHIS STORY MAINLY SHOWS THE MENTAL ATTITUDE
OF GULF MALAYALEES,THEIR FEELINGS&LONELINESS......