
രാവേറെയായിട്ടും എനിക്ക് ഉറക്കം വരുന്നില്ല. ദൈവമേ എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. അതിരാവിലെ എഴുന്നെല്‍ക്കണ്ടതാണ്. കാലത്തു എഴുന്നേല്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അല്ലെങ്കില്‍ തന്നെ ഓര്‍മവച്ചകാലം മുതല്‍ക്കുതന്നെ സൂര്യോദയത്തിനുമുമ്പു എഴുന്നെല്‍ക്കാറുണ്ട്.
നമ്മുടെ വര്‍ഗത്തിന് ഉറക്കം പറഞ്നിട്ടില്ല എന്നാണ് ബീനഇത്ത പറയുന്നതു. ലോകത്ത് ഉറക്കം ഏറ്റവും കുറവുള്ള ജീവികള്‍ആണത്രേ വേലക്കാരികള്‍. ബീനഇത്തയുടെ ഭാഷയില്‍ വേലക്കാരികള്‍ മറ്റൊരു വിഭാഗം ജീവികളാണ്, മനുഷ്യരല്ല! മനുഷ്യരാണ് എന്ന് തോന്നിത്തുടങ്ങിയാല്‍ തീര്‍ന്നു എന്നാണ് അവരുടെ പക്ഷം. എനിക്കും അതുശരിയാണെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു!
പാവം.. ഇപ്പോള്‍ എവിടെയാണാവോ? ഏതെങ്കിലും ഒരു അടുക്കളവാച്ചിലില്‍ ചുരുണ്ടുകിടന്നു ഉറങ്ങുന്നുണ്ടാവും.
പെറ്റിട്ടത് കരിപ്പാത്രങ്ങളുടെ ഇടയിലെക്കാണെന്ന് ബീനഇത്ത മിക്കപ്പോഴും പറയും. അന്ന് തുടങ്ങിയതാണ് ഈ അടുക്കളവാസം. അടുക്കളയുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച ആളാണ് തന്‍ എന്ന് ഒരു നെടുവീര്‍പ്പോടെയാണ് അവര്‍ പറയാറ്.
പതിനാറാംവയസ്സില്‍ വേലക്കുനിന്ന വീട്ടില്‍നിന്നും പെട്ടെന്നൊരു ദിവസം അവിടെ കന്നുകാലി നോക്കാന്‍നിന്ന തമിഴന് നിക്കാഹ് ചെയ്തുകൊടുത്തു ആ വീട്ടുകാര്‍ ബീനഇത്തയെ! അന്ന് അതുകേട്ടപ്പോള്‍ അത്ഭുതമായി തോന്നിയെങ്കിലും ഇന്നു അതിന്റെ കാരണം എനിക്കും മനസ്സിലായിതുടങ്ങിയിരിക്കുന്നു.
ഏതായാലും വിവാഹശേഷം അധികം താമസിയാതെ തന്നെ ഇത്താക്ക് ഒരു മോള്‍ പിറന്നു. അതോടെ തമിഴന്‍ നാടുവിട്ടു. പക്ഷെ ഇന്നേവരെ ആ വീട്ടുകാരെകുറിച്ചോ തമിഴനെകുറിച്ചോ മോശമായിട്ടെന്തെന്കിലും ഇത്ത പറയുന്നതു ഞാന്‍ കേട്ടിട്ടില്ല.
അതിന് ശേഷമാണ് ഇത്ത എജെന്റിന്റെ അടുക്കല്‍ എത്തിപ്പെടുന്നത്. പിന്നെ ഓരോ വര്‍ഷവും ഓരോ വീടുകള്‍, പലപല ആളുകള്‍, അവരില്‍ നല്ലവരും ചീത്തയും ഉണ്ടാവും. പക്ഷെ എല്ലാവരുടെയും മനോഭാവം ഒന്നു തന്നെ ആയിരിക്കും. ചിലര്‍ ദയ അഭിനയിക്കും... അതും പക്ഷെ അര്‍ഹിക്കാത്തത് നല്കുന്നു, ഔദാര്യമായി എന്ന രീതിയില്‍. എല്ലായിടത്തും ഞങ്ങള്‍ അവസാനക്കാരാണ്. ഊണിനും, ഉറക്കത്തിനും എല്ലാം... ഉറക്കമുണരുന്ന കാര്യത്തില്‍ പക്ഷെ ഞങ്ങള്‍ ഒന്നാം സ്ഥാനക്കാരാണ്. സൂര്യന്‍ ഉദിക്കുന്നതിന്നു മുമ്പെ, പക്ഷിമൃഗാദികള്‍ ഉണരുന്നതിനു മുമ്പെ ഞങ്ങള്‍ ഉണരും...
മറ്റൊരു കാര്യത്തില്‍ കൂടി ഞങ്ങള്ക്ക് ഒന്നാമതാവാന്‍ അവകാശമുണ്ട്, എന്തെങ്കിലും വിലപിടിപ്പുള്ളവ കളഞ്ഞുപോയാല്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍! വീട്ടിലെ കൊച്ചുകുഞ്ഞുങ്ങല്‍ക്കുപോലും ഞങ്ങളുടെ നിസ്സഹായ അവസ്ഥ നന്നായി അറിയാം. അവര്‍ക്ക് ഇടിക്കാനും, തൊഴിക്കാനും ഉള്ള ഉപകരണങ്ങള്‍ കൂടിയാണല്ലോ ഞങ്ങള്‍. പരാതികളും പരിഭവങ്ങളും ഇല്ലാതെ......
ഞങ്ങള്ക്ക് സ്ഥിരമായ താവളങ്ങള്‍ ഇല്ല. ഓരോ വര്‍ഷവും വീടുകള്‍ മാറ്റിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ എജെന്റിന്റെ കമ്മിഷന്‍ നഷ്ടപ്പെടുമല്ലോ.
ഓരോ വര്‍ഷത്തിന്റെ അവസാനവും അറിയാതെ പ്രാര്‍ത്ഥിച്ചുപോകും, അടുത്ത തവണയെങ്കിലും....
ഞങ്ങളുടെ വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അപ്പോഴാണ് തമിഴ്‌നാട്ടില്‍ സ്കൂളുകള്‍ അടച്ചു പുതിയ കുട്ടികള്‍ എജെന്റുമാരുടെ കയ്യില്‍ എത്തുക. അങ്ങനെ ഒരു ഏപ്രില്‍മാസത്തിലാണ് എന്റെ അപ്പയും എന്റെ വില പറഞ്ഞുരപ്പിച്ചത്. ഇപ്പോള്‍ അതൊന്നും ആലോചിച്ചാല്‍ വിഷമം തോന്നാറെഇല്ല.
അന്നത്തെ നീണ്ട ട്രെയിന്‍ യാത്ര. അവിടെനിന്നു ബസ്സില്‍, ആ യാത്രയിലാണ് ബീനാത്തയെ പരിചയപ്പെടുന്നത്. ഞാന്‍ ഒരു തമിഴത്തി ആയതുകൊണ്ടാവാം അവര്‍ ചേര്‍ത്തുപിടിച്ചു മുടിയില്‍ തലോടിക്കൊണ്ടിരുന്നത്.
ബസ്സിറങ്ങി ജീപ്പില്‍ കയറിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ കൂടെ ഉണ്ടെന്നുമനസ്സിലായത്. ജീപ്പ് ഓരോ ഗേറ്റിന്റെ മുന്നിലും നില്‍ക്കുമ്പോള്‍ ആളെണ്ണം കുറഞ്ഞുവന്നു. അതിനനുസരിച്ച് എജെന്റിന്റെ ബാഗിന്റെ കനം കൂടിയും. ഞാന്‍ ഇറങ്ങുമ്പോഴും ബീന ഇത്ത ജീപ്പില്‍ ഉണ്ടായിരുന്നു, നിസ്സഹായതയുടെ മറ്റൊരു മുഖമായി..
പിന്നീട് പലതവണ ഇങ്ങനെ ഒരുമിച്ചു യാത്ര ചെയ്തു. ആ യാത്രകളിലാണ് അല്‍പ്പമെങ്കിലും മനസ്സുതുറക്കുന്നത്. ശബ്ദം ഉയര്‍ന്നാല്‍ എജെന്റിന്റെ വക ചീത്ത ഉണ്ടാകും.അല്ലെങ്കില്‍ തന്നെ സ്വന്തം ശബ്ദം പോലും നഷ്ടപ്പെട്ടവരാണല്ലോ ഞങ്ങള്‍.
ആദ്യമായി ഒരു വീട്ടിലേക്ക് കടന്നുചെന്നത് ഇന്നും ഓര്‍ക്കുന്നു. അമ്പരപ്പിന്റെതായ ഒരു ചെറിയ പ്രകാശം കണ്ണില്‍ ബാക്കിയുണ്ടായിരുന്നു അന്ന്. എല്ലായിടത്തും രൂപഭാവങ്ങളില്‍ വ്യത്യാസമുണ്ടാകുമെങ്കിലും കഥാപാത്രങ്ങളുടെ ധര്‍മ്മം ഒന്നുതന്നെ ആയിരിക്കും. എങ്കിലും ആ തടിച്ചു കുറിയ സ്ത്രീയെ ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു..
അവരെ ഞാന്‍ 'അമ്മാ' എന്നാണ് വിളിച്ചിരുന്നത്. ആത്മാര്‍ത്ഥമായിത്തന്നെ.. അവരാണ് എനിക്ക് കിടക്കാനുള്ള സ്ഥലം കാട്ടി തന്നത്. അടുക്കളക്ക് പിറകിലുള്ള സ്റ്റോറില്‍. അന്നുവരേക്കും ഒറ്റയ്ക്ക് കിടക്കാന്‍ ഭയമായിരുന്ന ഞാന്‍ അന്നുമുതല്‍ ഉറക്കം ഒറ്റക്കായി. ഒരു പന്ത്രണ്ടുകാരിയുടെ അങ്ങലാപ്പ് ഉണ്ടായിരുന്നെങ്കിലും ഞാന്‍ പരമാവധി അവരുടെ പ്രീതിക്ക് പാത്രമാകാന്‍ ശ്രമിച്ചു. പക്ഷെ വേലക്കാരിയുടെ സ്ഥാനം എന്താണെന്നു അധികം താമസിയാതെത്തന്നെ ദൈവം എനിക്ക് മനസ്സിലാക്കിത്തന്നു.
ആ ദിവസം എനിക്ക് മറക്കാനേ കഴിയില്ല....... അന്നവിടെ വിരുന്നുകാര്‍ ഉള്ള ദിവസം ആയിരുന്നു. വിരുന്നുകാര്‍ ഉണ്ടെങ്കില്‍ ആ വീട്ടില്‍ ആഹ്ലാദം അലതല്ലും. പക്ഷെ ഞങ്ങള്‍ക്കത് നെടുവീര്‍പ്പുകളുടെ ദിവസമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും....
അന്ന് ഉച്ചക്ക് ജോലിഎല്ലാം ഒതുക്കിയപ്പോള്‍ ഏകദേശം മൂന്നു മണി ആയി. മറ്റെല്ലാവരും ടീവിക്കുമുന്‍പില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഞാനും മെല്ലെ അടുക്കള വാതിലില്‍ ചാരിനിന്നു ടീവി കാണാന്‍ തുടങ്ങി. കല്യാണരാമന്‍ സിനിമ തകര്‍ക്കുന്നു. എല്ലാവരും ഇരുന്നു ആര്‍ത്തുചിരിക്കുന്നുണ്ട്. പലപ്പോഴും എനിക്കും ചിരിയടക്കാന്‍ ആയില്ല. വിരുന്നുവന്നതില്‍ കണ്ണടവച്ച സ്ത്രീയാണ് ഞാന്‍ വാതില്കല്‍ നിന്നു ചിരിക്കുന്നത് കണ്ടത്. അവര്‍ അമ്മായുടെ കാതില്‍ എന്തോ പിറുപിറുതെന്കിലും ഞാന്‍ ശ്രദ്ധിച്ചില്ല.
അമ്മാ ചാടിഎഴുന്നെല്‍ക്കുന്നതാണ് പിന്നെ ഞാന്‍ കണ്ടത്. പിന്നെ കുറേനേരം ആ തടിച്ച ശരീരം എന്റെ മുന്നില്‍ ഉറഞ്ഞാടി. പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിക്കാന്‍ പാടില്ലത്രേ! എന്റെ മുന്നിലിരുന്നു അപ്പോഴും വിരുന്നുകാരികള്‍ ഇളകിചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നു ചോതിക്കണമെന്നു തോന്നി. പക്ഷെ വേലക്കാരികള്‍ക്ക് ചോദ്യങ്ങള്‍ പാടില്ലല്ലോ. അവര്‍ പാഠങ്ങള്‍ പഠിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്.
ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ ആത്മാഭിമാനം അന്നവിടെ ചീന്തി എറിയപ്പെട്ടു. സിനിമ അപ്പോഴും നടക്കുന്നുണ്ടായിരുന്നു. പൊട്ടിച്ചിരികളും.....
എനിക്കൊന്നു പോട്ടിക്കരയണമെന്നു തോന്നി. പക്ഷെ അതിനുള്ള അവകാശവും എനിക്കില്ലെന്ന് അന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി. അന്ന് തണുത്തുറഞ്ഞുപോയ കണ്ണുനീര്‍ പിന്നീടൊരിക്കലും എന്റെ കവിളിനെ നനച്ചിട്ടില്ല. ഉള്ളില്‍ ഊറിക്കൂടുന്ന കണ്ണുനീര്‍തുള്ളികളാല്‍ എന്റെ മറ്റെല്ലാ വികാരങ്ങളും കാലം മാച്ചുകളഞ്ഞു......
പക്ഷെ എന്റെ സ്വപ്‌നങ്ങള്‍.......
അവ ഞാനാര്‍ക്കും അടിയറ വച്ചിട്ടില്ല. സ്വപ്നങ്ങളില്‍ ഞാന്‍ എന്നുമൊരു രാജകുമാരിയാണ്. കല്ലുകള്‍ പതിപ്പിച്ച വെള്ള ഉടുപ്പ്അണിഞ്ഞ, സുന്ദരിയായ, തോഴികളുടെ തമാശകള്‍ കേട്ടു പൊട്ടിപ്പൊട്ടിചിരിക്കുന്ന ഒരു പാവം രാജകുമാരി....
ദൈവമേ.... സ്വപ്‌നങ്ങള്‍ കാണാനെങ്കിലും എനിക്കൊരല്‍പ്പം ഉറക്കം തരൂ........
സ്വപ്നങ്ങളിലെങ്കിലും ഞാനൊന്നു ചിരിച്ചോട്ടെ...............
ഒഴുക്കുള്ള ഭാഷയുണ്ട്... പറയാന്‍ കുറെ ഏറെ കാര്യങ്ങളുമുണ്ട്... നന്നായി കഥ. ആശംസകള്‍.
ReplyDeleteഈ സമൂഹത്തില്‍ നമ്മള്‍ പലപ്പോഴും കാണാതെ പോകുന്ന കഥാപാത്രങ്ങളാണ്...വേലക്കാരികള്‍ എന്ന് നിസ്സംഗതയോടെ നാം പറഞ്ഞോഴിയുന്ന,പക്ഷെ നമ്മളെ വളര്‍ത്തിയെടുക്കുന്ന കൂട്ടര്‍....വളരെ നന്നായി അവരെക്കുറിച്ചു ഒന്നെഴുതാന്‍ തോന്നിയത്...നല്ല ചിന്തകള്‍.....നല്ല ഭാഷയില്‍ അവതരിപ്പിച്ചു...
ReplyDeleteഭാവുകങ്ങള്‍....
ഇലമുളച്ചികള്‍ ..സൂപ്പര്‍ ആയിട്ടുണ്ട് കേട്ടോ ..
ReplyDeleteപിന്നെ ഈ കഥയും .. എന്തൊക്കെയോ ഭംഗിയാക്കാന്‍ ഉണ്ടെന്നു തോന്നുന്നു .. പക്ഷെ എന്താണെന്ന് പറഞ്ഞു തരാന്‍ അറിയില്ല ..
നല്ല ആശയം.. ഇതു പറയാൻ മാത്രം ഞാൻ പ്രാപ്ഥ്നല്ല... എന്നാലും പറയുട്ടെ..12 വയസ്സുള്ള്പ്പൊൾ ബീനത്ത കല്യാണരാമൻ കണ്ടാൽ ഇപ്പോൾ ബീനാത്താക്കു വയസൂ..? ഇത്തരം കാര്യങ്ങൾ കഥകൃത്തു വായനക്കാരനു പിടികൊടുക്കരുതു...
ReplyDeleteഇനിയും തുടരു..ഞങ്ങൾ എല്ലവരും ഉണ്ടു കൂടെ..
എല്ലാര്‍ക്കും സലാം...
ReplyDeleteപിന്നെ സ്മൈലി... എഴുത്തിനു വ്യക്തത പോരാഞ്ഞിട്ടാണോ അതോ.... ബീനഇത്ത അല്ല സിനിമ കാണുന്നത്. ബീന ഇത്ത അവള്‍ പരിചയപ്പെടുന്ന ഒരു കഥാപാത്രം മാത്രം....
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete