Monday, October 12, 2009

അമൃതയും മത്സ്യങ്ങളും...


"പപ്പാ ഈ ഫിഷ്‌ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല!..." അമൃത മോള്‍ പിന്നെയും പരാതിപ്പെട്ടി തുറന്നു.

"അത് വിശക്കുമ്പോള്‍ കഴിച്ചോളും മോളെ,മോളിങ്ങുപോരെ..."കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കാതതുകൊണ്ടാണ് ഞാനൊന്നു പോയി നോക്കിയത്. സാധാരണ അവധി ദിവസങ്ങളില്‍ അവള്‍ എന്റെ അടുക്കല്‍ നിന്നു മാറാറില്ല... നോക്കുമ്പോള്‍ അവള്‍ ഫിഷ്പോണ്ടിനുമുന്നില്‍ കുത്തിയിരിക്കുകയാണ്. എന്തോ സംസാരിക്കുന്നുമുണ്ട്!
ഞാന്‍ ഒച്ചകേള്‍പ്പിക്കാതെ അവളുടെ പിന്നിലായി സോഫയില്‍ ഇരുപ്പുറപ്പിച്ചു... വെറുതെ ഒരു കൌതുകത്തിന്...

ഇന്നലെയാണ് ഞാന്‍ അവള്ക്ക് ആ മീന്‍ സമ്മാനിച്ചത്‌. ചൂടു കുറഞ്ഞുവരുന്ന സമയമായതുകൊണ്ടാണ് വീകെന്ടില്‍ ദൂകാന്‍ ബീച്ചില്‍ കുളിക്കാന്‍ പോകാമെന്ന് തീരുമാനിച്ചത്. കേട്ടപ്പോള്‍ തന്നെ അമൃത തുള്ളിച്ചാടാന്‍ തുടങ്ങിയിരുന്നു.
ഡൈവിംഗ് ഗോഗിളും ഇട്ടു വെറുതെ മുങ്ങാന്‍കുഴി ഇട്ടു മീനുകളെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ആണ് ഒരു ചെറിയ മീന്‍ നീന്തി ആരോ വലിച്ചെറിഞ്ഞ ഒരു കുപ്പിയില്‍ പാഞ്ഞു കയറുന്നതുകണ്ടത്. ഒരു കുസൃതിക്കു പെട്ടെന്ന് കുപ്പിയുടെ വായ വിരല്‍കൊണ്ട് അടച്ചു പൊക്കിഎടുത്തു. പാവം മീന്‍ അതിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു..

മീന്‍ കണ്ടതും, വെള്ളത്തില്‍ ഇറങ്ങണം എന്ന് ശാട്ട്യം പിടിച്ചു അമ്മയോട് വഴക്കിട്ടു ഇറങ്ങിയ മോള്‍ കരക്ക്‌ കയറി കുപ്പിയും മടിയില്‍ വച്ചു ഒറ്റ ഇരുപ്പായി..തിരിച്ചു വരാന്‍ തുടങ്ങിയപ്പോളാണ് പ്രശ്നം വഷളായത്. അവള്ക്ക് അതിനെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തണമത്രേ!!

ഭാര്യയുടെ ഭീഷണികള്‍ക്കും എന്റെ അനുനയങ്ങള്‍ക്കും മുന്‍പില്‍ അവള്‍ പാറ പോലെ ഉറച്ചുനിന്നു. അവസാനം എന്നത്തെയും പോലെ ഞങ്ങള്‍ തോറ്റു. അങ്ങനെ കരകാണാ കടലില്‍ കിടന്ന ആ കൊച്ചു മത്സ്യം ഒരു പെപ്സിക്കുപ്പിയില്‍, കാറിലേറി ഞങ്ങളുടെ വണ്‍ ബെഡ്റൂം ഫ്ലാറ്റിലെത്തി. വരുന്ന വഴിക്ക് ഒരു കൊച്ചു ഫിഷ്‌പോണ്ടും വാങ്ങിയിട്ടുണ്ടായിരുന്നു.

വീട്ടിലെത്തി അതിനെ കുപ്പിയില്‍ നിന്നും മാറ്റിയിട്ടപ്പോഴാണ് ഞാന്‍ അതിനെ ശ്രദ്ധിച്ചത്. കുറുകെ വരകളുള്ള ഒരു ചെറിയ മത്സ്യം. നന്നേ പേടിച്ച്ട്ടുന്ടെന്നു തോന്നി. പോണ്ടില്‍ ഇട്ടപാട് ഒളിക്കാന്‍ സ്ഥാലംതേടി പാഞ്ഞു നടന്നു പാവം.

രാവിലെ എഴുന്നേറ്റപാടെ അതിനുമുന്‍പില്‍ ഇരുപ്പുറപ്പിച്ചതാണ് അമൃത. അവളുടെ സംസാരം കേട്ടിരിക്കാന്‍ നല്ല രസം തോന്നി.

"എന്താ മീനേ.....നീയൊന്നും തിന്നാത്തത്? നിനക്കു വിശക്കുന്നില്ലേ??"അവള്‍ വീണ്ടും ഒരു പീസ്‌ റൊട്ടിയും കൂടി വെള്ളത്തിലേക്കിട്ടു.

മത്സ്യം അത് കഴിച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ ഓരത്തേക്ക് പറ്റിച്ചേര്‍ന്നു. നോക്കിയിരിക്കുമ്പോള്‍ ആ മത്സ്യം സംസാരിക്കുന്നതുപോലെ എനിക്ക് തോന്നി. അത് മറുപടിപറയുകയാണ്‌ അമൃതയുടെ ചോദ്യങ്ങള്‍ക്ക്!!!!!

"എനിക്ക് നല്ലതുപോലെ വിശക്കുന്നുണ്ട് കുട്ടീ... പക്ഷെ എനിക്ക് കഴിക്കാനാവുന്നില്ലാ.. എന്റെ ഭക്ഷണം ആ വിശാലമായ കടലിലെ ചേറും,പായല്കളുമാണ്. അവിടെ എനിക്ക് സ്വയം ഭക്ഷണം കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വയം തേടിനടന്നു കണ്ടെത്തി കഴിക്കുമ്പോഴുണ്ടാകുന്ന ആ സംതിപ്തി ഉണ്ടല്ലോ... അത് നീ ഇട്ടുതരുന്ന ഈ വേവിച്ച അപ്പക്കശ്നങ്ങള്‍ക്കുണ്ടാവില്ല. ഇതു അടിമത്തത്തിന്റെ കൂലിയാണ്. ഇതു കഴിക്കാനുള്ള വിശപ്പ്‌ എനിക്കൊരിക്കലും കിട്ടില്ല കുട്ടീ..."

അമൃത ഇതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല... അമൃത എന്നല്ല മറ്റാരും!!

"എന്റെ പൊന്നു മീനല്ലേ... ഇച്ചിരെ കഴിക്കു . അല്ലെങ്കില്‍ ഞാന്‍ കൂട്ടുകൂടില്ല." അമൃതക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അവള്‍ ചിണുങ്ങാന്‍ തുടങ്ങി..

കുട്ടീ... എനിക്ക് ഒരുപാടു കൂട്ടുകാര്‍ ഉണ്ടായിരുന്നു. എനിക്ക് അച്ച്ചനുണ്ടായിരുന്നു, അമ്മയുണ്ടായിരുന്നു.. ഞാനും സുഖമായി ജീവിക്കുകയായിരുന്നു ഇന്നലെ വരെ! നിന്നോട് കൂട്ടുകൂടാന്‍ മാത്രം നീ എനിക്കെന്താണ് നല്കിയത്? ഈ പളുങ്ക്പാത്രത്തിന്റെ സുരക്ഷിതത്വമോ? അതോ മുടങ്ങാതെ രുചികരങ്ങളായ ഭക്ഷണം നല്‍കുമെന്ന ഉറപ്പോ? അതോ മറ്റെന്തെന്കിലുമോ?

എന്താണെങ്കിലും നിനക്കു തെറ്റ് പറ്റി കുട്ടീ... ഈ പളുങ്കുപാത്രം എനിക്ക് സമ്മാനിക്കുന്നത് ബന്ധനത്തിന്റെ നോവുകളാണ്, നീ തരുന്ന ഈ ശ്രേഷ്ടമായഭക്ഷണം എന്റെ ആത്മവിശ്വാസതിന്മേലുള്ളകടന്നു കയറ്റവും. നീ സ്നേഹത്തോടെ തരുന്ന സൌകര്യങ്ങളെല്ലാം തന്നെ സ്വയം ജീവിതം കെട്ടിപ്പടുക്കാനുള്ള എന്റെ അവകാശത്തിനും ആവേശത്തിനും തടസ്സങ്ങളാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ എന്നെ നീ സ്വതന്ത്രയാക്കൂ... ഞാന്‍ എന്റെ ജീവിതം നയിക്കട്ടെ."

അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌... ഞാന്‍ സ്വതന്ത്രനല്ലല്ലോ!!..നാളെ ഓഫീസില്‍ പോകേണ്ടതല്ലേ... എന്തെല്ലാം പണികിടക്കുന്നു ബാക്കി. ഞാന്‍ മത്സ്യതിനെയും, അമൃതയെയും വിട്ടു എന്റെ ലോകത്തിലേക്ക്‌ ചേക്കേറി. നൂറുകൂട്ടം പണികള്‍!!

രാത്രി നിദ്ര വന്നു കണ്ണുകളെ തലോടാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും മത്സ്യത്തെക്കുറിചോര്‍ത്തത്. അമൃത നല്ല ഉറക്കം പിടിച്ചിരുന്നു.
വെറുതെ എഴുന്നേറ്റു ഫിഷ്‌പോണ്ടിന്റെ അരികില്‍ പോയിനോക്കി. നോക്കിയപ്പോള്‍ മീന്‍ വെള്ളത്തിന്റെ മുകളില്‍ വന്നു ശ്വാസം എടുത്തുകൊണ്ടിരിക്കുകയാണ്. വെള്ളം മലിനമായിരുന്നു. നിറയെ വെന്തഅപ്പക്കഷണങ്ങള്‍ കുതിര്‍ന്നു കിടക്കുന്നു. അവക്കിടയിലൂടെ മത്സ്യം എന്നോട് സംസാരിക്കുന്നതായി വീണ്ടും എനിക്ക് തോന്നി.

"ഹേ മനുഷ്യാ... എന്താണ് ഞാന്‍ നിങ്ങളോട് ചെയ്ത തെറ്റ്? എവിടെയും അതിക്രമിച്ചുകടക്കുകയും നാശം വിതക്കുകയും ചെയ്യുന്ന വര്‍ഗമാണെന്ന് അറിഞ്ഞിട്ടും അതിഥിയായി കരുതി നിങ്ങളുടെ കണ്മുന്‍പില്‍ വന്നു നിങ്ങളെ ആനന്ദിപ്പിക്കാന്‍ ശ്രമിച്ചതോ? അതോ പിന്നീട് നിങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കുന്നുവെന്ന് വിളിച്ചോതി ഒളിക്കാന്‍ ശ്രമിച്ചതോ? എന്തിനാണ് നിങ്ങളെന്നെ ബന്ധനസ്തനാക്കിയത്?
നിങ്ങള്‍ കാണുന്നില്ലേ ഈ മലിനമായ ജലത്തില്‍നിന്നു ജീവശ്വാസം കിട്ടാതെ ഞാന്‍ വിഷമിക്കുന്നത്? എന്നെ ബന്ധനത്തില്‍ ആക്കിയ താങ്കള്ക്ക് എന്നെ സംരക്ഷിക്കാനുള്ള കടമയുമില്ലേ?......
പിന്നെ ഒരു പുച്ഛത്തോടെ കൂട്ടിച്ചേര്‍ത്തു. എനിക്കറിയാം.... എന്റെ രൂപതിനുമാത്രമാണ് നിങ്ങളുടെ മുന്‍പില്‍ വില!"

ഞാന്‍ ക്ലോക്കിലേക്ക് നോക്കി. വല്ലാതെ വൈകിയിരിക്കുന്നു. നാളെ ഓഫീസില്‍ പോകാനുള്ളതാണ്. ഞാന്‍ ബെഡ്റൂമിലേക്ക്‌ തിരിച്ചു നടന്നു. വെള്ളം മാറ്റിക്കൊടുതില്ലെന്കില്‍ അത് ജീവിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ.... നൂറുകൂട്ടം പണികള്‍!!!

രാവിലെ ഉണര്‍ന്നത് മോളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ്. കാര്യം അറിയാമായിരുന്നു. പക്ഷെ ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു. സമയത്തിന് ഓഫീസില്‍ എത്തണം.

വൈകുന്നേരം വന്നപ്പോള്‍ ഒരു ജോഡി ഗോള്‍ഡ്‌ ഫിഷ്‌ വാങ്ങിയിരുന്നു. മോള്‍ക്ക്‌ സന്തോഷമാകണം...

ഒന്നു പോയാല്‍ രണ്ടു!!

Friday, October 9, 2009

സന്ദീപ്‌ നാട്ടിലെത്തി!!


ഖത്തര്‍ എയര്‍വേയ്സിന്റെ എകനോമി ക്ലാസ്സില്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു മനസ്സു നിറയെ.
എയര്‍ഹോസ്ടസ് സപ്ലൈ ചെയ്ത ഫുഡ്‌ കഴിക്കാന്‍ ഒട്ടും തോന്നിയില്ല. അടുത്ത സീറ്റിലെ താടിവച്ച മനുഷ്യന്‍ ഭക്ഷണം കഴിച്ചു ഉറക്കം തുടങ്ങി...

ഞാനും കണ്ണടച്ചുകിടന്നു. അല്പ്പനെരമെങ്കിലും ഒന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍!! ഇല്ല... കഴിയില്ല.. ഇനി സന്ദീപിനെ കാണാതെ മറ്റൊന്നിനും കഴിയില്ല.. അവനെ കാണാനായിമാത്രമാണ് ഈ യാത്ര.. വര്‍ഷങ്ങള്‍ക്കുശേഷം!

സന്ദീപിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒന്നിന് പിറകെ ഒന്നായി മനസ്സിന്റെ തിരശീലനീക്കി കടന്നു വന്നു..

ജോലിതേടിയാണ് ആദ്യമായി അവന്‍ എന്റെ മുന്നിലെത്തുന്നത്. ഞാന്‍ അന്ന് തിരൂരില്‍ ഒരു പ്രൈവറ്റ് സ്കൂളില്‍ മാനേജര്‍ ആയി ജോലി നോക്കുന്ന സമയം. കറുത്ത്, ഉയരം കുറഞ്ഞ അല്‍പ്പം തടിച്ച ഒരു ചെറുപ്പക്കാരന്‍. ബി.എസ്.സി പാസ്സായിട്ടുണ്ട്. ട്രസ്റ്റ്‌ മെമ്പറുടെ ഒരു അകന്ന ബന്തുവായതുകൊണ്ട് ജോലി കൊടുക്കേണ്ടി വന്നു. ഡോക്യുമെന്റ് അസ്സിസ്സ്ടന്റ്റ്‌...

അന്ന് മുതല്‍ ഒരു നിഴല്‍ പോലെ അവന്‍ എന്റെകൂടെ ഉണ്ടായിരുന്നു. ഒരു തരം പ്രത്യേക സ്നേഹം. എന്ത് പറഞ്ഞാലും കേള്‍ക്കും, എത്ര ചീത്ത വേണമെങ്കിലും വിളിക്കാം. പരാതികള്‍ തീരെ ഇല്ല.

ഇടയ്ക്ക് ഞാന്‍ പറയും..
"സന്ദീപേ.. നിന്നെ ഞാന്‍ വെറും ഒരു സ്ടാഫായിട്ടല്ല ഒരു അനിയനായിട്ടാ കാണുന്നത്... അതുകൊണ്ടാ ഞാന്‍ നിന്നെ കൂടുതല്‍ ശാസിക്കുന്നത്."

"എനിക്കറിയാം സാര്‍.... സാറെന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ.. എനിക്കൊരു വിഷമവും ഇല്ലാ.." ഈ മറുപടി പറയുമ്പോള്‍ അവന്റെ മുഖത്തെ സന്തോഷവും ആത്മാര്‍ഥതയും ഒന്നു കാണേണ്ടത് തന്നെയാണ്.

സഹോദരങ്ങള്‍ ഇല്ലാത്ത അവനെ ഞാന്‍ ഈ നിലയില്‍ എല്ലായ്പ്പോഴും മുതലെടുത്തിരുന്നു. പകരം അവന്‍ കാപട്യമില്ലാത്ത സ്നേഹം തന്നു..

ഫ്ലൈറ്റിന്റെ കുലുക്കം എന്നെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. എയര്‍പോക്കെട്ടുകളില്‍ വീഴുന്നതാണ്.
ഓ..... ബെല്ടിടാനുള്ള ഇന്ടികേട്ടര്‍ തെളിഞ്ഞു. കൂടെ അനോന്‍സ്‌മെന്റും. മോശം കാലാവസ്ഥ ആയതുകൊണ്ട് സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും ബെല്‍റ്റ്‌ ഇടണമെന്ന്. എന്ത് സുരക്ഷക്കാണെങ്കിലും ഈ കുന്ത്രാണ്ടം ഇടുന്നത് ഒരു അസ്വസ്തത തന്നെയാണ്.

ഇനിയും ഏകദേശം ഒന്നര മണിക്കൂര്‍ ഉണ്ടാവും കോഴിക്കൊടെത്താന്‍... ഞാന്‍ ഒന്നുകൂടി ഉറങ്ങാന്‍ ഒരു വ്യഥാ ശ്രമം നടത്തി. പക്ഷെ സന്ദീപിനെക്കുരിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും ഉറക്കത്തെ പിന്നോട്ട് തള്ളി....
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് അവന്‍ അവസാനമായി എന്നെ വിളിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ ആറാം തീയതി രാത്രി ഏഴ് മണിക്ക്.. സാധാരണ ഇന്റര്നെറ്റ് വഴി വിളിക്കാറാണ് പതിവു. പക്ഷെ അന്ന് അവന്റെ മൊബൈലില്‍ നിന്നു തന്നെയാണ് വിളിച്ചത്. അവന്റെ അബുദാബി എത്തിസലാത്ത്‌ നമ്പരില്‍ നിന്നും.

നാലുവര്‍ഷം മുമ്പു സ്കൂള്‍ വിട്ടു ഞാന്‍ ഒരു പ്രവാസിയായി ദോഹയില്‍ എത്തിയതിനു ശേഷം മിക്കവാറും അവന്‍ ഇങ്ങോട്ട് വിളിക്കാറുതന്നെയാണ് പതിവു. വളരെ അപൂര്‍വ്വമായേ ഞാന്‍ അവനെ വിളിച്ചിട്ടുള്ളൂ.
അതില്‍ ഒന്നു അവന്റെ വിവാഹവേളയില്‍, മറ്റൊന്ന് അവന്‍ ഗള്‍ഫിലേക്ക് വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഉപദേശിക്കാന്‍.

ഉപദേശിക്കാന്‍ മാത്രം മിടുക്കനായ ഞാന്‍ അന്ന് പറഞ്ഞു...

"ഗള്‍ഫ്‌ ജീവിതം ഒരു മെഴുകുതിരി പോലെയാണ്. സ്വയം കത്തി മറ്റുള്ളവര്‍ക്ക് പ്രകാശമാകാനാണ് അതിന്റെ വിധി. സ്വയം ഉരുകുമ്പോള്‍ നമ്മളറിയില്ല ജീവിതത്തിന്റെ തിരി കത്തിതീരുന്നത്".
അധികം താമസിയാതെ കാണാപ്പോന്നുതേടി അവന്‍ അബുദബിയില്‍ ഫ്ലൈറ്റ് ഇറങ്ങി... യഥാര്‍ത്ഥ ജീവിതത്തിലേക്ക്.....

അടുത്തിരിക്കുന്ന താടിക്കാരന്‍ കൂര്‍ക്കം വലി തുടങ്ങി. ഉറങ്ങട്ടെ... ഉറങ്ങാന്‍ കഴിയുന്നവര്‍ സമാധാനമായി ഉറങ്ങട്ടെ.....
എനിക്ക് നല്ലതുപോലെ വിശക്കാന്‍ തുടങ്ങി.. ഇന്നു ഉച്ചക്കുശേഷം ഒന്നും കഴിച്ചിട്ടില്ല. ഫ്ലൈറ്റില്‍ ആണെങ്കില്‍ ഫുഡ്‌ സെര്‍വ്ചെയ്തുകഴിഞ്ഞു. കുറച്ചു വെള്ളമെങ്കിലും കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ഞാന്‍ കയ്യുയര്‍ത്തി ബെല്ലടിച്ചുനോക്കി. കുറെ നേരം കാത്തിരുന്നത് മിച്ചം! ആരും വന്നില്ല! ഫൈവ്സ്റ്റാര്‍ സര്‍വീസ് ആണത്രേ.... കുന്തം....

ഇതേപോലെ വിശന്നിരിക്കുമ്പോള്‍ ആണ് അന്ന് സന്ദീപ്‌ വിളിച്ചത്. ആറാം തീയതി. ഭാര്യയും കുഞ്ഞും നാട്ടിലായിരുന്നു.

"ഹലോ സാര്‍... സന്ദീപാണ്..." പതിവുപോലെ അവന്‍ തുടങ്ങി..

കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു.."നിന്റെ മോള്‍ എന്ത് പറയുന്നു?.. പുതിയ ഫോട്ടോ വല്ലതും കിട്ടിയോ അവളുടെ?... "
സന്ദീപിന് കുഞ്ഞു ജനിച്ചിട്ട്‌ മൂന്നുമാസം കഴിഞ്ഞിട്ടുണ്ടാവണം.... പാവം ഇതുവരെ ലീവ്‌ ആയിട്ടില്ലാ.

"ഇല്ല സാര്‍.." ഒരു നിമിഷത്തെ മൌനത്തിനുശേഷം അവന്‍ തുടര്‍ന്നു..."ഞാന്‍ രാജിവച്ചു നാട്ടില്‍ പോകാന്‍ തീരുമാനിച്ചു സാര്‍..."

"എന്തിന്?? നാട്ടില്‍ പോയി നീ എന്ത് ചെയ്യാന്‍ പോകുന്നു???.." പെട്ടെന്ന് തന്നെ ഞാന്‍ ഉപദേശിയായ ഏട്ടനായി മാറി.

"ഞാന്‍ പോയി എന്തെങ്കിലും ചെറിയ ബിസിനെസ്സ്‌ ചെയ്തു ജീവിക്കും സാര്‍..."

"എന്ത് ബിസിനെസ്സ്‌??" എനിക്ക് ജിജ്ഞാസ ഏറി...

"എന്തെങ്കിലും..... സാര്‍ ഒരു ഐഡിയ പറഞ്ഞു താ...."

"എത്രയുണ്ട് കയ്യില്‍?" ഞാന്‍ അടുത്ത ഉപദേശത്തിനു തയ്യാറായി.

"ഒരു ലക്ഷം..." മറുപടി കേട്ടത് ഞാന്‍ പൊട്ടിച്ചിരിച്ചു. തെല്ലു പരിഹാസത്തോടെ!!

"ഒരു ലക്ഷം രൂപാ കൊണ്ടു നീ എന്ത് ബിസിനസ്സ് തുടങ്ങാനാ.... നീ കുറച്ചു നാളുകൂടി നിന്നു കുറച്ചു പണവും കൂടി സമ്പാദിക്കു.... എന്നിട്ട് നമുക്കു ആലോചിക്കാം...." ഞാന്‍ വലിയ താത്പര്യം കാട്ടിയില്ല.

"സാറും ഇത് തന്നെയാണോ പറയുന്നതു?! ഗള്‍ഫിലേക്ക് വരാന്‍ നോക്കിയപ്പോള്‍ എല്ലാവരും തടയാന്‍ ശ്രമിച്ചു.... ഇപ്പോള്‍ തിരിച്ചു പോകുന്നു എന്ന് പറയുമ്പോഴും എല്ലാവരും തടയുന്നു...
എന്തായാലും എനിക്ക് എന്റെ മോളെ ഒന്നു കാണണം.. അല്‍പ്പനേരം അവളുടെ കളികള്‍ നോക്കി ഇരിക്കണം..
അവളിപ്പോ അമ്മയുടെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങി എന്നാ പറഞ്ഞേ..." മോളുടെ കാര്യം പറയുമ്പോള്‍ നൂറു നാവാണ് അവന്. എപ്പോഴും..

പക്ഷെ ഞാന്‍ വീണ്ടു ഉപദേശിക്കാനാണ് മുതിര്‍ന്നത്. എന്നത്തേതും പോലെ...
ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടാവണമെന്നും, അത് നേടാന്‍ പലവിധ ത്യാഗങ്ങള്‍ സഹിക്കണമെന്നും ഉദാഹരണസഹിതം ഞാന്‍ സമര്‍ദ്ധിച്ചു. ഈ നൊമ്പരങ്ങളെല്ലാം ഒരു ശരാശരി പ്രവാസിയുടെ നൊമ്പരങ്ങള്‍ മാത്രമാണെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു...

"എനിക്കെന്റെ മോളെ ഒന്നു കാണണം സാര്‍..."
സന്ദീപിന്റെ മറുപടി ഇതു മാത്രമായിരുന്നു....

എനിക്ക് ശരിക്കും ശുന്ടി വന്നു.. "നീ നാളെ ഓഫീസിലെത്തുമ്പോള്‍ ചാറ്റില്‍ വാ... നമുക്കു വിശദമായി സംസാരിക്കാം". ഞാന്‍ അക്ഷമ കാട്ടി.

"എനിക്കെന്റെ മോളെ ഒരിക്കലെങ്കിലും ഒന്നെടുക്കണം സാര്‍...." അവന് ഫോണ്‍ വക്കാന്‍ ഭാവമില്ലായിരുന്നു.

"സന്ദീപേ.. നാളെ ചാറ്റ്റൂമില്‍ വാ.. നമുക്കു സംസാരിക്കാം... ഗുഡ് നൈറ്റ്‌... ഞാന്‍ പറഞ്ഞവസാനിപ്പിച്ചു. അപ്പുറത്തുനിന്നും അനക്കമൊന്നും കേട്ടില്ല. രണ്ടു നിമിഷം മറുപടിക്ക് കാത്തിട്ടുഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

പിറ്റേന്ന് അവനെ ചാറ്റില്‍ നോക്കിയെങ്കിലും കണ്ടില്ല. ഞാന്‍ അതത്ര കാര്യമാക്കിയുമില്ല.

വീണ്ടും സീറ്റ്‌ബെല്‍റ്റിന്റെ ഇന്ടികെഷന്‍ തെളിഞ്ഞു. ഭാഗ്യം.. ഇത്തവണ ലാണ്ടിങ്ങിനു വേണ്ടിയാണ്.
ഹാന്‍ഡ്‌ ലഗേജ്‌ മാത്രമായത് കൊണ്ടു വേഗം ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങി. നേരെ പോയത് സന്ദീപിന്റെ വീടിലെക്കാണ്. വെള്ളിമാട്കുന്നിലെ അവന്റെ കൊച്ചുവീട്ടില്‍ എത്തുമ്പോള്‍ നേരം പരപരാ വെളുത്തിരുന്നു.

വിറയാര്‍ന്ന കാലടികളോടെയാണ് ഞാന്‍ ഉള്ളിലേക്ക് കയറിയത്. കയറിയപാടെ കണ്ടു എന്റെ സന്ദീപിനെ.....
കത്തിച്ചുവച്ച നിലവിളക്കിനു മുന്‍പില്‍ വെള്ളത്തുണി പുതച്ചു നീണ്ടു നിവര്‍ന്നങ്ങനെ.... മുഖത്തു അതേ നിഷ്കളന്ഗത...

അടുത്തുനിന്ന ആള്‍ മെല്ലെ പറഞ്ഞു. " അറ്റാക്കായിരുന്നു... ആറാം തീയതി എട്ടരക്ക് മരിച്ചതാ.. ഇന്നലെ രാത്രിയാ നാട്ടിലെത്തിക്കാന്‍ പറ്റിയത്...

എട്ടര!!! ഖത്തര്‍-അബുദാബി സമയ വ്യത്യാസം ഒരു മണിക്കൂര്‍!! അതായത് ഞങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന് തൊട്ടു പിന്നാലെ!!!!

എനിക്ക് മേലാകെ തളരുന്നതുപോലെ തോന്നി.. എന്നിലെ എല്ലാ അഹന്തയും ഒരു നിമിഷം കൊണ്ടു പോയ്മറഞ്ഞു.. ഞാന്‍ വെറുമൊരു പച്ച മനുഷ്യനായി.....

ഒരിക്കല്‍പോലും ഏട്ടാ എന്ന് വിളിചിട്ടില്ലാത്ത ഞാന്‍ വിളിപ്പിചിട്ടില്ലാത്ത എന്റെ പ്രിയ സഹോദരാ... മാപ്പ്‌.. ഒരായിരം മാപ്പ്‌... എനിക്ക് നിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല... ഒരു തരിമ്പുപോലും.....

ഞാന്‍ ഒന്നു ചുറ്റും കണ്ണോടിച്ചു... എന്തോ തിരയുന്നത് പോലെ.. സന്ദീപിന്റെ ഭാര്യ ഒരു മൂലയില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നുണ്ടായിരുന്നു... ഞാന്‍ വീണ്ടും പരതി...

എവിടെ.. എവിടെ എന്റെ മോള്‍... എന്റെ സന്ദീപിന്റെ മോള്‍...

" എനിക്ക് എന്റെ മോളെ ഒന്നെടുക്കണം" ഞാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു..

Monday, September 28, 2009

വിവാഹസദ്യ.


രാഘവന്‍ നായര്‍ കല്യാണ മണ്ഡപത്തില്‍ എത്തിയപ്പോഴേക്കും ചെറുക്കാനും കൂട്ടരും വന്നു കഴിഞ്ഞിരുന്നു. അയാള്‍ ആളുകള്‍ക്കിടയിലൂടെ മെല്ലെ അകത്തേക്ക് കടന്നു. മാധവേട്ടന്റെ മകളുടെ കല്യാണമാണ്... കുടുംബസമേതം കൂടേണ്ട കല്യാണം. മാധവേട്ടന്‍ കണ്ട ഉടനെതന്നെ ഹൃദ്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു.

"ഭാമയും കുട്ടികളും എന്ത്യേ നായരേ?" മാധവേട്ടന്‍ എന്റെ പിന്നിലേക്കു കണ്ണ്എറിഞ്ഞു.
"ഭാമക്ക് നല്ല സുഖമില്ല മാധവേട്ടാ..." അതും പറഞ്ഞു അയാള്‍ മെല്ലെ മാറി.

ഇറങ്ങാന്‍ നേരം കൂടി അവരെ വിളിച്ചതാണ്. ഭാമ വരുന്നില്ല എന്ന് തീര്ത്തു പറഞ്ഞു. അത് കാത്തു നിന്നു എന്നപോലെ മകള്‍ വിദ്യയും പിന്‍വാങ്ങി. എന്തേ എന്ന് പോലും ചോദിയ്ക്കാന്‍ തോന്നിയില്ല. ഇറങ്ങാന്‍ നേരം യാത്ര ചോദിച്ചപ്പോള്‍ "ശരി ഇനി വൈകേണ്ട" എന്ന അവളുടെ മറുപടിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. അല്ലെങ്കില്‍ അയാള്‍ക്ക് അങ്ങനെ തോന്നി..

പുര നിറഞ്ഞു നില്ക്കുന്ന ഒരു മകള്‍ ഉള്ളപ്പോള്‍ അവള്ക്ക് താഴെ പ്രായമുള്ള കുട്ടിയുടെ കല്യാണത്തിന് പോകാന്‍ ഒരമ്മയും ഇഷ്ടപ്പെടില്ല. പ്രത്യേകിച്ചും സ്വന്തം മോളുടെ പ്രായം ഏറി വരുമ്പോള്‍...
തനിക്കും ഇഷ്ടമുണ്ടായിട്ടല്ലല്ലോ?... ജീവിതത്തിലെ ഓരോ ഭാഗങ്ങളും ആടിതീര്‍ത്തല്ലേ മതിയാവൂ.....
വന്നു വന്നു ഭാമക്ക് എല്ലാത്തിനോടും വെറുപ്പാണ്... തന്നോടു പോലും...

ആദ്യമൊക്കെ അവള്‍ എന്നുമെന്നപോലെ ഓരോ ആലോചനകളും പൊക്കി വരുമായിരുന്നു. പിന്നെ പ്പിന്നെ അവള്‍ക്കും മടുപ്പായിത്തുടങ്ങിയിട്ടുണ്ടാവാം. എങ്കിലും ഒരമ്മക്കും അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ. ഇപ്പോഴും ആരെങ്കിലും ഏതെങ്കിലും പയ്യന്റെ കാര്യം പറഞ്ഞാല്‍ പിന്നെ അവള്‍ക്കു ഇരിപ്പുറക്കില്ല.
പക്ഷെ ഇതുവരെയും നിരാശ തന്നെയായിരുന്നു ഫലം.

പ്രായമേറുംതോറും ഡിമാന്റുകള്‍ ഏറി വരുന്നു. ഞങ്ങളുടെ മനസ്സുകളിലെ ആധിയും....
മകളുടെ കാര്യമാണ് അതിലും കഷ്ടം.. കൂടെ പഠിച്ചവരുടെ ഓരോരുത്തരുടെയായി വിവാഹം കഴിഞ്ഞു . തന്നേക്കാള്‍ പ്രായം ഇളപ്പമുള്ളവരുടെയും കല്യാണങ്ങള്‍ കണ്മുന്‍പില്‍ നടക്കുന്നു. എന്തായിരിക്കും അവളുടെ മനസ്സില്‍........

അയാള്‍ അവളുടെ ചെറുപ്പകാലം ഓര്‍ത്തു. തന്റെ ആദ്യത്തെ കുട്ടി. തന്റെ ചോര... എന്തൊരു സന്തോഷമായിരുന്നു അവള്‍ പിറന്നപ്പോള്‍.അതിലേറെ അഭിമാനമായിരുന്നു.. ആദ്യമായി പിച്ചനടന്നപ്പോള്‍.... ആദ്യമായി അവള്‍ അച്ഛാ എന്ന് വിളിച്ചപ്പോള്‍.... ലോകം കീഴടക്കിയ സന്തോഷമായിരുന്നു.... അവള്‍ കൈ പിടിച്ചുനടക്കുമ്പോള്‍ ജീവന്‍ എടുത്തു കയ്യില്‍ പിടിച്ചു നടക്കുന്ന പ്രതീതിയായിരുന്നു.. ആദ്യമായി അവള്‍ സ്കൂളില്‍ പോയദിവസം തനിക്കായിരുന്നു അവളെക്കാള്‍ വിഷമം എന്ന് ഭാമ കളിയാക്കിയത്...

അവള്‍ ഋതുമതിയായത് മുതല്‍ ഭൂതം കാക്കുന്ന പൊന്നുപോലെയാണ് താന്‍ നോക്കിയിരുന്നത്. അവളുടെ കവിളുകള്‍ക്ക് തുടിപ്പുകൂടുന്നതും, കണ്ണുകള്‍ക്ക്‌ തിളക്കമേറുന്നതും കണ്ടു സന്തോഷിക്കുമ്പോഴും പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍. "ദൈവമേ എന്റെ കുട്ടിയെ കാത്തുകൊള്ളണേ... വഴി തെറ്റാതെ കാക്കണേ.."

കല്യാണ പ്രായമായപ്പോള്‍ ഏറ്റവും മുന്തിയ ആളെക്കൊണ്ടുതന്നെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു മനസ്സില്‍. ആദ്യം വന്ന ഒന്നുരണ്ടാലോചനകള്‍ അതുകൊണ്ട് തന്നെ വേണ്ട എന്ന് വച്ചു.. ആലോചനകളുടെ കാര്യം സംസാരിക്കുമ്പോള്‍ വിദ്യമോളുടെ മുഖം ചുമക്കുന്നതും കണ്ണുകളില്‍ തിളക്കമേറുന്നതും കാണുന്നത് ഞങ്ങള്‍ക്കൊരു രസമായിരുന്നു.

പിന്നീട് വന്ന ആലോചനകളില്‍ പലതും തന്റെ മകള്‍ ഒരു വില്‍പ്പനചരക്കല്ല എന്ന് പറഞ്ഞു തിരിച്ചയച്ചു. ആദര്‍ശ ധീരത കൊണ്ടൊന്നുമല്ല. കേരളത്തിലെ ഒരു ഇടത്തരക്കാരന്റെ നിസ്സഹായതയാണ് അതിന് കാരണം. സ്വന്തം വീടും പറമ്പും കൂടി വിറ്റാലും തികയാത്ത ഒരു അവസ്ഥയില്‍ മറ്റെന്തു ചെയ്യാനാണ്. തെണ്ടാന്‍ ആണെങ്കില്‍ കുടുംബത്തില്‍ പിറന്നവന്‍ എന്ന ലേബല്‍ തടസ്സമായി നില്ക്കുന്നു.

ഉള്ളിന്റെഉള്ളിലെങ്കിലും തന്റെ ജീവനായ മകള്‍ ഒരു ബാധ്യതയായി തോന്നിത്തുടങ്ങിയോ?
വിദ്യമോളിലും മാറ്റങ്ങള്‍ പ്രകടമായിരുന്നു. ആദ്യം കണ്ണുകളിലെ പ്രകാശം മങ്ങിത്തുടങ്ങി, പിന്നെ പതുക്കെപ്പതുക്കെ ഓരോരോ മാറ്റങ്ങള്‍. കവിലുകളിലെ തുടിപ്പ് വറ്റി, വളരെപ്പെട്ടെന്ന്തന്നെ അവള്‍ ഒരു പ്രായം ചെന്ന പെണ്ണായി മാറി. എല്ലായ്പോഴും സംസാരിച്ച്കൊണ്ടിരുന്നഅവള്‍ അത്യാവശ്യത്തിനു മാത്രം സംസാരിച്ചു, കിലുക്കം പെട്ടി പോലെ ചിരിക്കുന്ന അവള്‍ ചിരിക്കാന്‍ മറന്നുപോയത് പോലെ തോന്നി... മകളിലെ മാറ്റങ്ങള്‍ എന്നേക്കാള്‍ മനസ്സിലായിരുന്നത്‌ ഭാമക്കാണ്. അതോടെ വീട്ടില്‍ അശാന്തിയുടെ ദിനങ്ങള്‍ മാത്രമായി. താന്‍ വീട്ടിലും കൊള്ളാത്തവനായി...

വിദ്യമോള്‍ സ്കൂള്‍ വിട്ടു വരാന്‍ അല്‍പ്പം താമസിച്ചാല്‍ വഴികണ്ണ്ഉംആയി കാത്തുനിന്നിരുന്ന തനിക്ക് അവള്‍ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയാല്‍ പോലും തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്‌.

രാഘവനെന്താ ഇവിടെ നിന്നു കളഞ്ഞത്?"" അച്യുതന്‍ നായരുടെ ചോദ്യമാണ് അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്.
"വെറുതെ നിന്നൂന്നെ ഉള്ളൂ അച്യുതാ..." അയാള്‍ മറുപടി പറഞ്ഞു.

അയാള്‍ക്ക് അച്ചുതനോട് എന്തെങ്കിലും കുശലം ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വാക്കുകളായി ഒന്നും പുറത്തു വന്നില്ല. കുറച്ചുനേരം ഇരുവരും മിണ്ടാതെ നിന്നു. പിന്നെ മൌനംഭജിക്കനെന്നോണം അച്യുതന്‍ ചോദിച്ചു.
"വിദ്യയുടെ കല്യാണം നമുക്കു നടത്തേണ്ടേ രാഘവാ?" അയാള്‍ ഏറ്റവും അധികം വെറുക്കുന്ന എന്നാല്‍ എല്ലാവരാലും ചോതിക്കപ്പെടുന്ന ചോദ്യം!!!!
"നടത്തണം" അയാള്‍ താല്‍പ്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.
അയാളുടെ താല്‍പ്പര്യമില്ലായ്മ മനസ്സിലായിട്ടോ എന്തോ...
"ജോലിക്ക് ശ്രമിക്കുന്നുണ്ടാവും അല്ലെ? അതുകൊണ്ടാവും?" അച്യുതന്‍ നായര്‍ ഒന്നു ലഘൂകരിക്കാന്‍ ശ്രമിച്ചു.
"അതെ... ഇത്രയും പഠിപ്പിച്ചതല്ലേ.... നമുക്കും എന്തെങ്കിലും കിട്ടണ്ടേ..." അയാള്‍ ഇത്തിരി കടുപ്പത്തില്‍ മൊഴിഞ്ഞു.
വിചാരിക്കട്ടെ.. എല്ലാരും വിചാരിക്കട്ടെ... എന്റെ സ്വാര്‍ത്ഥത കൊണ്ടാണെന്ന് വിചാരിക്കട്ടെ... എന്നാലും എന്റെ കുട്ടിയെ ആരും കുറ്റം പറയരുത്...... അയാള്‍ക്ക്‌ സങ്കടവും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു...

സ്വന്തം മക്കളുടെ കല്യാണം നടത്താന്‍ ഗതിയില്ലാത്ത മാതാപിതാക്കളെ മറ്റു കല്യാണങ്ങള്‍ക്ക് ക്ഷണിച്ചു സദ്യ കൊടുക്കുന്നതിലും ഭേദം അവര്‍ക്ക് അല്പം വിഷം വാങ്ങി കൊടുക്കുന്നതാണെന്ന് അയാള്‍ക്ക്‌ വിളിച്ചുപറയണമെന്നുണ്ടായിരുന്നു.

അയാളുടെ മാനറിസങ്ങള്‍ അച്യുതന്‍ നായര്‍ക്കു നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു. അയാളും ഒരു അച്ഛനാണല്ലോ.
"രാഘവാ വരൂ ഭക്ഷണം കഴിക്കാം...." അച്യുതന്‍ നായര്‍ വിഷയം മാറ്റി.
"ഞാന്‍ കഴിച്ചു അച്യുതാ....." അയാള്‍ കണ്ണ് നിറയാതെ ശ്രദ്ധിച്ചു. ഇനിയും അയാള്‍ക്ക്‌ അവിടെ നില്‍ക്കാന്‍ ആവുമായിരുന്നില്ലാ. യാത്ര പോലും പറയാതെ കാലുകള്‍ വലിച്ചുവച്ചു അയാള്‍ നടന്നു.

അയാള്‍ ഒന്നും കഴിച്ചിട്ടില്ലെന്നു അച്യുതന്‍ നായര്‍ക്ക് അറിയാമായിരുന്നു. അയാള്‍ക്ക്‌ ഒരു വറ്റ് പോലും തൊണ്ടയില്‍ നിന്നും ഇറങ്ങില്ല എന്നും. സ്വന്തം മകള്‍ പുരനിറഞ്ഞു നില്‍ക്കുമ്പോള്‍ അയാള്‍ക്കെന്നല്ല ആര്‍ക്കും മറ്റൊരു വിവാഹസദ്യ ആസ്വദിക്കാനാവില്ല......

അയാള്‍ കണ്ണില്‍ നിന്നു മറയുവോളം അച്യുതന്‍ നായര്‍ നോക്കി നിന്നു... കണ്ണില്‍ നിന്നും മറയുന്നതുവരെ മാത്രം.!!!

Friday, September 25, 2009

ഞാനൊന്നു ചിരിച്ചോട്ടെ?


രാവേറെയായിട്ടും എനിക്ക് ഉറക്കം വരുന്നില്ല. ദൈവമേ എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. അതിരാവിലെ എഴുന്നെല്‍ക്കണ്ടതാണ്. കാലത്തു എഴുന്നേല്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അല്ലെങ്കില്‍ തന്നെ ഓര്‍മവച്ചകാലം മുതല്‍ക്കുതന്നെ സൂര്യോദയത്തിനുമുമ്പു എഴുന്നെല്‍ക്കാറുണ്ട്.
നമ്മുടെ വര്‍ഗത്തിന് ഉറക്കം പറഞ്നിട്ടില്ല എന്നാണ് ബീനഇത്ത പറയുന്നതു. ലോകത്ത് ഉറക്കം ഏറ്റവും കുറവുള്ള ജീവികള്‍ആണത്രേ വേലക്കാരികള്‍. ബീനഇത്തയുടെ ഭാഷയില്‍ വേലക്കാരികള്‍ മറ്റൊരു വിഭാഗം ജീവികളാണ്, മനുഷ്യരല്ല! മനുഷ്യരാണ് എന്ന് തോന്നിത്തുടങ്ങിയാല്‍ തീര്‍ന്നു എന്നാണ് അവരുടെ പക്ഷം. എനിക്കും അതുശരിയാണെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു!
പാവം.. ഇപ്പോള്‍ എവിടെയാണാവോ? ഏതെങ്കിലും ഒരു അടുക്കളവാച്ചിലില്‍ ചുരുണ്ടുകിടന്നു ഉറങ്ങുന്നുണ്ടാവും.
പെറ്റിട്ടത് കരിപ്പാത്രങ്ങളുടെ ഇടയിലെക്കാണെന്ന് ബീനഇത്ത മിക്കപ്പോഴും പറയും. അന്ന് തുടങ്ങിയതാണ്‌ ഈ അടുക്കളവാസം. അടുക്കളയുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച ആളാണ് തന്‍ എന്ന് ഒരു നെടുവീര്‍പ്പോടെയാണ് അവര്‍ പറയാറ്‌.
പതിനാറാംവയസ്സില്‍ വേലക്കുനിന്ന വീട്ടില്‍നിന്നും പെട്ടെന്നൊരു ദിവസം അവിടെ കന്നുകാലി നോക്കാന്‍നിന്ന തമിഴന് നിക്കാഹ് ചെയ്തുകൊടുത്തു ആ വീട്ടുകാര്‍ ബീനഇത്തയെ! അന്ന് അതുകേട്ടപ്പോള്‍ അത്ഭുതമായി തോന്നിയെങ്കിലും ഇന്നു അതിന്റെ കാരണം എനിക്കും മനസ്സിലായിതുടങ്ങിയിരിക്കുന്നു.
ഏതായാലും വിവാഹശേഷം അധികം താമസിയാതെ തന്നെ ഇത്താക്ക് ഒരു മോള്‍ പിറന്നു. അതോടെ തമിഴന്‍ നാടുവിട്ടു. പക്ഷെ ഇന്നേവരെ ആ വീട്ടുകാരെകുറിച്ചോ തമിഴനെകുറിച്ചോ മോശമായിട്ടെന്തെന്കിലും ഇത്ത പറയുന്നതു ഞാന്‍ കേട്ടിട്ടില്ല.
അതിന് ശേഷമാണ് ഇത്ത എജെന്റിന്റെ അടുക്കല്‍ എത്തിപ്പെടുന്നത്. പിന്നെ ഓരോ വര്‍ഷവും ഓരോ വീടുകള്‍, പലപല ആളുകള്‍, അവരില്‍ നല്ലവരും ചീത്തയും ഉണ്ടാവും. പക്ഷെ എല്ലാവരുടെയും മനോഭാവം ഒന്നു തന്നെ ആയിരിക്കും. ചിലര്‍ ദയ അഭിനയിക്കും... അതും പക്ഷെ അര്‍ഹിക്കാത്തത്‌ നല്കുന്നു, ഔദാര്യമായി എന്ന രീതിയില്‍. എല്ലായിടത്തും ഞങ്ങള്‍ അവസാനക്കാരാണ്. ഊണിനും, ഉറക്കത്തിനും എല്ലാം... ഉറക്കമുണരുന്ന കാര്യത്തില്‍ പക്ഷെ ഞങ്ങള്‍ ഒന്നാം സ്ഥാനക്കാരാണ്. സൂര്യന്‍ ഉദിക്കുന്നതിന്നു മുമ്പെ, പക്ഷിമൃഗാദികള്‍ ഉണരുന്നതിനു മുമ്പെ ഞങ്ങള്‍ ഉണരും...
മറ്റൊരു കാര്യത്തില്‍ കൂടി ഞങ്ങള്ക്ക് ഒന്നാമതാവാന്‍ അവകാശമുണ്ട്‌, എന്തെങ്കിലും വിലപിടിപ്പുള്ളവ കളഞ്ഞുപോയാല്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍! വീട്ടിലെ കൊച്ചുകുഞ്ഞുങ്ങല്‍ക്കുപോലും ഞങ്ങളുടെ നിസ്സഹായ അവസ്ഥ നന്നായി അറിയാം. അവര്‍ക്ക് ഇടിക്കാനും, തൊഴിക്കാനും ഉള്ള ഉപകരണങ്ങള്‍ കൂടിയാണല്ലോ ഞങ്ങള്‍. പരാതികളും പരിഭവങ്ങളും ഇല്ലാതെ......
ഞങ്ങള്ക്ക് സ്ഥിരമായ താവളങ്ങള്‍ ഇല്ല. ഓരോ വര്‍ഷവും വീടുകള്‍ മാറ്റിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ എജെന്റിന്റെ കമ്മിഷന്‍ നഷ്ടപ്പെടുമല്ലോ.
ഓരോ വര്‍ഷത്തിന്റെ അവസാനവും അറിയാതെ പ്രാര്‍ത്ഥിച്ചുപോകും, അടുത്ത തവണയെങ്കിലും....
ഞങ്ങളുടെ വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അപ്പോഴാണ് തമിഴ്‌നാട്ടില്‍ സ്കൂളുകള്‍ അടച്ചു പുതിയ കുട്ടികള്‍ എജെന്റുമാരുടെ കയ്യില്‍ എത്തുക. അങ്ങനെ ഒരു ഏപ്രില്‍മാസത്തിലാണ് എന്റെ അപ്പയും എന്റെ വില പറഞ്ഞുരപ്പിച്ചത്‌. ഇപ്പോള്‍ അതൊന്നും ആലോചിച്ചാല്‍ വിഷമം തോന്നാറെഇല്ല.
അന്നത്തെ നീണ്ട ട്രെയിന്‍ യാത്ര. അവിടെനിന്നു ബസ്സില്‍, ആ യാത്രയിലാണ് ബീനാത്തയെ പരിചയപ്പെടുന്നത്‌. ഞാന്‍ ഒരു തമിഴത്തി ആയതുകൊണ്ടാവാം അവര്‍ ചേര്‍ത്തുപിടിച്ചു മുടിയില്‍ തലോടിക്കൊണ്ടിരുന്നത്‌.
ബസ്സിറങ്ങി ജീപ്പില്‍ കയറിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ കൂടെ ഉണ്ടെന്നുമനസ്സിലായത്. ജീപ്പ് ഓരോ ഗേറ്റിന്റെ മുന്നിലും നില്‍ക്കുമ്പോള്‍ ആളെണ്ണം കുറഞ്ഞുവന്നു. അതിനനുസരിച്ച് എജെന്റിന്റെ ബാഗിന്റെ കനം കൂടിയും. ഞാന്‍ ഇറങ്ങുമ്പോഴും ബീന ഇത്ത ജീപ്പില്‍ ഉണ്ടായിരുന്നു, നിസ്സഹായതയുടെ മറ്റൊരു മുഖമായി..
പിന്നീട് പലതവണ ഇങ്ങനെ ഒരുമിച്ചു യാത്ര ചെയ്തു. ആ യാത്രകളിലാണ് അല്‍പ്പമെങ്കിലും മനസ്സുതുറക്കുന്നത്. ശബ്ദം ഉയര്‍ന്നാല്‍ എജെന്റിന്റെ വക ചീത്ത ഉണ്ടാകും.അല്ലെങ്കില്‍ തന്നെ സ്വന്തം ശബ്ദം പോലും നഷ്ടപ്പെട്ടവരാണല്ലോ ഞങ്ങള്‍.
ആദ്യമായി ഒരു വീട്ടിലേക്ക് കടന്നുചെന്നത് ഇന്നും ഓര്‍ക്കുന്നു. അമ്പരപ്പിന്റെതായ ഒരു ചെറിയ പ്രകാശം കണ്ണില്‍ ബാക്കിയുണ്ടായിരുന്നു അന്ന്. എല്ലായിടത്തും രൂപഭാവങ്ങളില്‍ വ്യത്യാസമുണ്ടാകുമെങ്കിലും കഥാപാത്രങ്ങളുടെ ധര്‍മ്മം ഒന്നുതന്നെ ആയിരിക്കും. എങ്കിലും ആ തടിച്ചു കുറിയ സ്ത്രീയെ ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു..
അവരെ ഞാന്‍ 'അമ്മാ' എന്നാണ് വിളിച്ചിരുന്നത്. ആത്മാര്‍ത്ഥമായിത്തന്നെ.. അവരാണ് എനിക്ക് കിടക്കാനുള്ള സ്ഥലം കാട്ടി തന്നത്. അടുക്കളക്ക് പിറകിലുള്ള സ്റ്റോറില്‍. അന്നുവരേക്കും ഒറ്റയ്ക്ക് കിടക്കാന്‍ ഭയമായിരുന്ന ഞാന്‍ അന്നുമുതല്‍ ഉറക്കം ഒറ്റക്കായി. ഒരു പന്ത്രണ്ടുകാരിയുടെ അങ്ങലാപ്പ് ഉണ്ടായിരുന്നെങ്കിലും ഞാന്‍ പരമാവധി അവരുടെ പ്രീതിക്ക് പാത്രമാകാന്‍ ശ്രമിച്ചു. പക്ഷെ വേലക്കാരിയുടെ സ്ഥാനം എന്താണെന്നു അധികം താമസിയാതെത്തന്നെ ദൈവം എനിക്ക് മനസ്സിലാക്കിത്തന്നു.
ആ ദിവസം എനിക്ക് മറക്കാനേ കഴിയില്ല....... അന്നവിടെ വിരുന്നുകാര്‍ ഉള്ള ദിവസം ആയിരുന്നു. വിരുന്നുകാര്‍ ഉണ്ടെങ്കില്‍ ആ വീട്ടില്‍ ആഹ്ലാദം അലതല്ലും. പക്ഷെ ഞങ്ങള്‍ക്കത് നെടുവീര്‍പ്പുകളുടെ ദിവസമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും....
അന്ന് ഉച്ചക്ക് ജോലിഎല്ലാം ഒതുക്കിയപ്പോള്‍ ഏകദേശം മൂന്നു മണി ആയി. മറ്റെല്ലാവരും ടീവിക്കുമുന്‍പില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഞാനും മെല്ലെ അടുക്കള വാതിലില്‍ ചാരിനിന്നു ടീവി കാണാന്‍ തുടങ്ങി. കല്യാണരാമന്‍ സിനിമ തകര്‍ക്കുന്നു. എല്ലാവരും ഇരുന്നു ആര്‍ത്തുചിരിക്കുന്നുണ്ട്. പലപ്പോഴും എനിക്കും ചിരിയടക്കാന്‍ ആയില്ല. വിരുന്നുവന്നതില്‍ കണ്ണടവച്ച സ്ത്രീയാണ് ഞാന്‍ വാതില്കല്‍ നിന്നു ചിരിക്കുന്നത് കണ്ടത്. അവര്‍ അമ്മായുടെ കാതില്‍ എന്തോ പിറുപിറുതെന്കിലും ഞാന്‍ ശ്രദ്ധിച്ചില്ല.
അമ്മാ ചാടിഎഴുന്നെല്‍ക്കുന്നതാണ് പിന്നെ ഞാന്‍ കണ്ടത്. പിന്നെ കുറേനേരം ആ തടിച്ച ശരീരം എന്റെ മുന്നില്‍ ഉറഞ്ഞാടി. പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിക്കാന്‍ പാടില്ലത്രേ! എന്റെ മുന്നിലിരുന്നു അപ്പോഴും വിരുന്നുകാരികള്‍ ഇളകിചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നു ചോതിക്കണമെന്നു തോന്നി. പക്ഷെ വേലക്കാരികള്‍ക്ക് ചോദ്യങ്ങള്‍ പാടില്ലല്ലോ. അവര്‍ പാഠങ്ങള്‍ പഠിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്.
ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ ആത്മാഭിമാനം അന്നവിടെ ചീന്തി എറിയപ്പെട്ടു. സിനിമ അപ്പോഴും നടക്കുന്നുണ്ടായിരുന്നു. പൊട്ടിച്ചിരികളും.....
എനിക്കൊന്നു പോട്ടിക്കരയണമെന്നു തോന്നി. പക്ഷെ അതിനുള്ള അവകാശവും എനിക്കില്ലെന്ന് അന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി. അന്ന് തണുത്തുറഞ്ഞുപോയ കണ്ണുനീര്‍ പിന്നീടൊരിക്കലും എന്റെ കവിളിനെ നനച്ചിട്ടില്ല. ഉള്ളില്‍ ഊറിക്കൂടുന്ന കണ്ണുനീര്‍തുള്ളികളാല്‍ എന്റെ മറ്റെല്ലാ വികാരങ്ങളും കാലം മാച്ചുകളഞ്ഞു......
പക്ഷെ എന്റെ സ്വപ്‌നങ്ങള്‍.......
അവ ഞാനാര്‍ക്കും അടിയറ വച്ചിട്ടില്ല. സ്വപ്നങ്ങളില്‍ ഞാന്‍ എന്നുമൊരു രാജകുമാരിയാണ്‌. കല്ലുകള്‍ പതിപ്പിച്ച വെള്ള ഉടുപ്പ്അണിഞ്ഞ, സുന്ദരിയായ, തോഴികളുടെ തമാശകള്‍ കേട്ടു പൊട്ടിപ്പൊട്ടിചിരിക്കുന്ന ഒരു പാവം രാജകുമാരി....
ദൈവമേ.... സ്വപ്‌നങ്ങള്‍ കാണാനെങ്കിലും എനിക്കൊരല്‍പ്പം ഉറക്കം തരൂ........
സ്വപ്നങ്ങളിലെങ്കിലും ഞാനൊന്നു ചിരിച്ചോട്ടെ...............